
കോഴിക്കോട്: ലോക്ഡൗണ്‍ കാലത്ത് നിർത്തിവച്ച മദ്യ വിൽപ്പന വീണ്ടും തുടങ്ങിയതോടെ സംസ്ഥാനത്ത് വ്യാജ വാറ്റ് കുറഞ്ഞു. ഏപ്രിൽ മെയ് മാസങ്ങളെക്കാൾ 50 ശതമാനത്തോളം വാറ്റ് കുറഞ്ഞതായാണ് എക്സൈസ് വകുപ്പിന്‍റെ കണക്ക്.
സംസ്ഥാനത്ത് മദ്യശാലകൾ എല്ലാം അടക്കുകയും മദ്യത്തിന്‍റെ ലഭ്യത ഇല്ലാതാവുകയും ചെയതതോടെ വ്യാജ വാറ്റ് വൻ തോതിൽ ഉയർന്നിരുന്നു. സമ്പൂർണ്ണ ലോക്ഡൗണ്‍ തുടങ്ങിയത് മുതൽ തന്നെ പിടികൂടുന്ന വാഷിന്‍റെ അളവ് കൂടി. ലോക്ഡൗണിന് മുമ്പുള്ള മൂന്ന് മാസങ്ങളിൽ സംസ്ഥാനത്ത് പിടികൂടിയത് 42096 ലിറ്റർ വാഷ്. എന്നാൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതൽ ജൂണ്‍ പതിനേഴ് വരെയുള്ള 86 ദിവസങ്ങളിലായി 282245.5 ലിറ്റർ വാഷാണ് സംസ്ഥാനത്ത് പിടികൂടിയത്.
ബാറുകൾക്ക് പിന്നാലെ കേരളത്തിൽ ബിവറേജുകൾ കൂടി അടച്ചതോടെ വ്യാജ വാറ്റ് റെക്കോഡിലെത്തി. ഏപ്രിൽ പതിനൊന്നിന് 7142 ലിറ്റർ വ്യാജ വാറ്റ് പിടിച്ചതാണ് റെക്കോഡ്. മുൻ പരിചയം ഇല്ലാത്തവർ പോലും മദ്യം നിർമിക്കുന്ന സ്ഥിതിയുണ്ടായി. 66 ദിവസത്തെ നിരോധനത്തിന് ശേഷം മെയ് 28നാണ് ബെവ് ക്യു ആപ്പിന്‍റെ സഹായത്തോടെ സംസ്ഥാനത്ത് മദ്യ വിതരണം വീണ്ടും തുടങ്ങിയത്. പിന്നാലെ വാറ്റിന്‍റെ അളവിലും ഗണ്യമായ കുറവുണ്ടായി.
മുൻകാലങ്ങളിൽ മലയോര മേഖലകളിലായിരുന്നു വ്യാജ വാറ്റ് കൂടുതലെങ്കിൽ ലോക്ഡൗണ്‍ കാലത്ത് നഗര പ്രദേശങ്ങളിൽ പോലും വ്യാജ വാറ്റ് തുടങ്ങി. ലോക്ഡൗണ്‍കാലത്ത് വ്യാജ വാറ്റ് തുടങ്ങിയവരെല്ലാം പൂർണ്ണമായി നിർത്തിയോ എന്ന കാര്യത്തിൽ എക്സൈസ് വകുപ്പിനും വ്യക്തതയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam