സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ഐഎംഎ

By Web TeamFirst Published Sep 29, 2020, 11:46 AM IST
Highlights

ടെസ്റ്റുകൾ കുറവായ ഈ ഘട്ടത്തിൽ പോലും രോഗാതുരതയിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. ദിനം പ്രതി ഒരു ലക്ഷം ടെസ്റ്റുകൾ എങ്കിലും നടത്തണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്.

കൊച്ചി: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ഐഎംഎ. ഇക്കാര്യം ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകി. ടെസ്റ്റുകൾ ഒരു ലക്ഷമാക്കി ഉയർത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. ടെസ്റ്റുകൾ കുറവായിട്ടും രോഗാതുരതയിൽ ദേശീയ ശരാശരിയേക്കാൾ കേരളം മുകളിലെത്തിയ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങൾ മാത്രമേ പൊംവഴിയുള്ളൂവെന്ന് ഐഎംഎ പറയുന്നു. 

കൊവിഡിന്‍റെ തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത ഇപ്പോഴില്ല. ഒരു നിയന്ത്രണവുമില്ലാതെ ജനങ്ങള്‍ ഇടപഴകുന്നു. ഈ സാഹചര്യത്തില്‍, രോഗ വ്യാപനം തടയാന്‍, കർശന നിയന്ത്രണങ്ങളൊടെ ആരോഗ്യ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് മാർഗമില്ലാതെ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റുകൾ കുറവായ ഈ ഘട്ടത്തിൽ പോലും രോഗാതുരതയിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. ദിനം പ്രതി ഒരു ലക്ഷം ടെസ്റ്റുകൾ എങ്കിലും നടത്തണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്.

ശക്തമായ സാമൂഹിക നിയന്ത്രണങ്ങൾ കൊണ്ടു വരണം. ജോലിക്ക് പോകാനും അവശ്യ സാധനങ്ങൾ വാങ്ങാനും മാത്രമേ വീടിന് പുറത്ത് ഇറങ്ങാവൂ. അല്ലാത്ത യാത്രകൾ ഒഴിവാക്കണം. സുഹൃദ്, ബന്ധു സന്ദർശനങ്ങൾ ഒഴിവാക്കണം. രോഗവ്യാപനത്തിന് ശമനം ആകാതെ  ആരാധനാലയങ്ങളും സ്കൂളുകളും തുറക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.

click me!