എല്ലാ ദിവസവും കടകൾ തുറക്കണം, കോളേജുകളും, ടൂറിസം കേന്ദ്രങ്ങളും തുറക്കണം: ഐഎംഎ

By Web TeamFirst Published Aug 2, 2021, 6:57 PM IST
Highlights

18 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സീൻ നൽകിയ ശേഷം വേണം അധ്യയനം ആരംഭിക്കാൻ.

തിരുവനന്തപുരം: വാരാന്ത്യ ലോക്ക് ഡൗൺ അടക്കം കൊവിഡ് നിയന്ത്രണങ്ങളിൽ നാളെ സ‍ർക്കാർ മാറ്റം വരുത്താനിരിക്കെ നി‍ർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളഘടകം രം​ഗത്ത്. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ്ഥാപനങ്ങളിൽ അധ്യയനം വേണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. 

18 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സീൻ നൽകിയ ശേഷം വേണം അധ്യയനം ആരംഭിക്കാൻ. 18 വയസിന് താഴെ പ്രായമുള്ളവ‍ർക്കും വാക്സീൻ നൽകുകയും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുകയും വേണം. പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം. എല്ലാ വ്യാപാര- വ്യവസായശാലകളും എല്ലാ ദിവസവും തുറക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. 

കേരളത്തിലെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി വിപുലമായ സീറോ സർവേക്ക് തയാറാണെന്നും ഐ.എം.എ വ്യക്തമാക്കി. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് സിറോ സ‍ർവ്വേ നടത്തിയത്. ഇതിന് പകരം എല്ലാ ജില്ലകളിലുമായുള്ള ആധികാരിക പഠനം വേണം. കൂടുതൽ സിഎഫ്എൽടിസികൾ സജ്ജമാക്കണമെന്നും ഈ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും ഐഎംഎ ആവശ്യപ്പെടുന്നു. വാക്സിൻ വിതരണം ആരോഗ്യ വകുപ്പ് നേരിട്ട് നടത്തണം. വാക്സീൻ വിതരണം പലയിടത്തും സംഘ‍ർഷത്തിലേക്ക് നീങ്ങുകയാണെന്നും വാക്സീൻ കൊടുക്കന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഐഎംഎ ആരോപിക്കുന്നു. ചെറുകിട ആശുപത്രികൾക്ക് അടക്കം വാക്സീൻ വാങ്ങാൻ സൗകര്യമൊരുക്കണമെന്നും ഐഎംഎ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!