സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട്

Published : Nov 05, 2024, 02:23 PM IST
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട്

Synopsis

മൂന്ന് ചക്രവാത ചുഴികളുടെ സാന്നിദ്ധ്യമാണ് അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴയ്ക്ക് കാരണമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയതോ ഇടത്തരം തീവ്രതയോടെയോ ഉള്ള മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിന് പുറമെ നവംബർ 05, 08, 09 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ യെല്ലോ അലെർട്ടാണ് നൽകിയിട്ടുള്ളത്.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലെർട്ട്. നിലവിൽ മന്നാർ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുകയാണ്. ഇതിന് പുറമെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. തെക്കൻ അറബിക്കടലിൻറെ മധ്യഭാഗത്തായി വേറെയും ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇവയാണ് വരും ദിവസങ്ങളിൽ വിവിധ തീവ്രതകളിലുള്ള മഴയ്ക്ക് കാരണമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (2024 നവംബർ 5) മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ വരും ദിവസങ്ങളിലേക്ക് ജാഗ്രതാ നിർദേശമുണ്ട്. ബുധനാഴ്ച തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 

വ്യാഴാഴ്ച തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്‌നാട്  തീരം, തെക്കൻ ആന്ധ്ര പ്രദേശ് തീരം എന്നിവിടങ്ങളിലും വെള്ളിയാഴ്ച തെക്കൻ ആന്ധ്ര പ്രദേശ് തീരം, വടക്കൻ തമിഴ്‌നാട്  തീരം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ-മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും സമാനമായ തരത്തിൽ വലിയ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം. 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും