
തിരുവനന്തപുരം: ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് സമാനമായ ഫ്ലെക്സി നിരക്കുമായി കെസ്ആർടിസിയും. തിരക്ക് കൂടുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചും തിരക്ക് കുറയുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തുന്നതുമായ രീതിയാണ് കോർപ്പറേഷൻ നടപ്പാക്കുന്നത്. തിരക്ക് കൂടുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നിരക്ക് 30 ശതമാനം ഉയര്‍ത്താനും യാത്രക്കാർ കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നിരക്ക് 15 ശതമാനം താഴ്ത്താനും കഴിയുന്ന ഫ്ലക്സി നിരക്ക് സംവിധാനമായിരുന്നു ഇതുവരെ. എന്നാൽ ഇങ്ങനെ ദിവസം നോക്കാതെ എപ്പോൾ തിരക്ക് കൂടുന്നവോ അപ്പോൾ നിരക്കുയർത്താനും യാത്രക്കാർ കുറയുമ്പോൾ നിരക്ക് താഴ്ത്താനുമുള്ള "ഡൈനാമിക് റിയല്‍ ടൈം ഫ്ലക്സി ഫെയര്‍' സംവിധാനമാണ് ഇനി മുതൽ നടപ്പാക്കാൻ കോർപ്പറേഷൻ അനുമതി നൽകിയിരിക്കുന്നത്.
അതായത്, ആഴ്ചകളിൽ ഓരോ ദിവസവും പല നിരക്കിലാകും യാത്ര ചെയ്യേണ്ടിവരിക. റിസർവേഷൻ സൗകര്യമുള്ള ബസിൽ ബുക്കിങ് കുറവാണെങ്കിൽ നിരക്കും കുറക്കും. ബുക്കിങ് കൂടിയാൽ നിരക്ക് കൂടും. ഓരോ ബസുകളിലെയും ബുക്കിങ് നിരീക്ഷിച്ചശേഷമാകും നിരക്ക് നിശ്ചയിക്കുക. ക്രിസ്മസിന് മുമ്പത്തെ തിരക്ക് ദിവസങ്ങളിൽ അധിക നിരക്ക് ഈടാക്കിയെങ്കിലും ഡിസംബർ 25, 26 ദിവസങ്ങളിൽ 2300 രൂപ നിശ്ചയിച്ചിരുന്ന പുതിയ വോൾവോ സ്ലീപ്പർ ബസ് തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് 1400 രൂപയാണ് ഈടാക്കിയത്. 2300 രൂപ നിശ്ചയിച്ചിരുന്ന ബസിൽ ടിക്കറ്റ് ബുക്കിങ് കുറഞ്ഞതോടെ അവസാനദിവസം കുറവ് വരുത്തകയായിരുന്നു. തിരക്ക് കുറവായതിനാൽ സ്വകാര്യബസുകാരും നിരക്ക് കുറച്ചതാണ് കെഎസ്ആർടിസിയെ ബാധിച്ചത്. പത്തിൽ താഴെ യാത്രക്കാർ മാത്രമായിരുന്നു ആദ്യം ബുക്ക് ചെയ്തിരുന്നത്. എന്നാൽ, അവസ്ഥ മനസിലാക്കി നിരക്ക് കുറച്ചതോടെ അവസാന മണിക്കൂറിൽ 39 യാത്രക്കാരെ കെഎസ്ആർടിസിക്ക് ലഭിച്ചു.
അതേസമയം, സ്വകാര്യ ബസുകൾ ശരാശരി 3000 മുതൽ 5000 വരെ നിരക്ക് ഈടാക്കുന്ന വാരാന്ത്യങ്ങളിൽ പോലും 30000 ത്തിന് മുകളിൽ കെഎസ്ആർടിസി നിരക്ക് വർധിക്കാറില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ, സർവീസുകളുടെ എണ്ണം കുറവാണെന്നതും നിരക്കിലെ വ്യത്യാസവും കണക്കിലെടുത്ത് സീറ്റ് ബുക്കിങ് വളരെ പെട്ടന്ന് പൂർത്തിയാകുമെന്നതാണ് കെഎസ്ആർടിസിയുടെ പോരായ്മ. ഇത് മനസിലാക്കി ക്രിസ്മസ്- പുതുവത്സര ആഘോഷ ദിനങ്ങളിൽ കേരളത്തിലെ വിവിധ നഗരങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും ഡിസംബർ 19 മുതൽ ജനുവരി അഞ്ച് വരെ സ്പെഷൽ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam