
തൃശൂർ: ഗുരുവായൂരില്‍ ശുചിമുറി മന്ദിരം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഭക്തര്‍ക്ക് തുറന്നു നല്‍കാതെ അധികൃതരുടെ അനാസ്ഥ. ഭക്തന്‍ വഴിപാടായി സമര്‍പ്പിച്ച ബഹുനില ഡോര്‍മിറ്ററിയാണ് തുറന്നുനൽകാത്തത്. വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും കഴിയാതെ ഭക്തര്‍ നട്ടം തിരിയുമ്പോഴാണ് ദേവസ്വത്തിന്റെ അനാസ്ഥ.
ദിനംപ്രതി ആയിരങ്ങളെത്തുന്ന വൈശാഖ വേളയില്‍ അല്പനേരം ഒന്ന് വിശ്രമിക്കണമെങ്കിലോ, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കണമെങ്കിലോ ഭക്തര്‍ വിഷമവൃത്തത്തിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഗുരുവായൂരപ്പ ഭക്തനായ മുംബൈ വ്യവസായി സുന്ദര അയ്യര്‍ അഞ്ചു കോടിയോളം രൂപ ചെലവിട്ട് തെക്കേനടയില്‍ ഡോര്‍മിറ്ററി ശുചിമുറി മന്ദിരം നിര്‍മിച്ചു നല്‍കിയത്. ആധുനിക രീതിയിലുള്ള ശുചിമുറികള്‍, വിശ്രമിക്കാനുള്ള ഇടം, ഭക്തരുടെ ബാഗുകളും മറ്റു സാധനങ്ങളും സൂക്ഷിക്കാന്‍ ആവശ്യമായ ലോക്കറുകള്‍ തുടങ്ങി സൗകര്യങ്ങളാണ് മന്ദിരത്തിലുള്ളത്. ലിഫ്റ്റ് സൗകര്യത്തോടെ മൂന്ന് നിലകളിലായി പണിതിട്ടുള്ള മന്ദിരം കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഏപ്രില്‍ അഞ്ചിന് സുന്ദര അയ്യരും കുടുംബവും മന്ദിരത്തിന്റെ താക്കോല്‍ ദേവസ്വത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് പൂട്ടിയ മന്ദിരം മൂന്നുമാസത്തോളമായിട്ടും ഭക്തര്‍ക്ക് തുറന്നു നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ദേവസ്വം അധികൃതര്‍ രംഗത്തെത്തി. സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് മന്ദിരം തുറന്നു നല്‍കാന്‍ വൈകുന്നതെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. എന്നാല്‍ നടത്തിപ്പ് സംബന്ധിച്ച ആശയക്കുഴപ്പമാണ് മന്ദിരം തുറന്ന് നല്‍കാന്‍ കാലതാമസമെന്നാണ് ഭക്തരുടെ ആരോപണം. അവധിക്കാലവും വൈശാഖമാസവുമായതിനാല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മന്ദിരം തുറന്നു നല്‍കിയാല്‍ ഭക്തര്‍ക്ക് വലിയ ആശ്വാസമാകും. അനാസ്ഥ കൈവെടിഞ്ഞ് മന്ദിരം എത്രയും പെട്ടെന്ന് തുറന്നു നല്‍കണമെന്നാണ് ഭക്തരുടെ ആവശ്യം. ഭരണ കര്‍ത്താക്കളുടെ ശ്രദ്ധ പലപ്പോഴും ഉദ്ഘാടനങ്ങളില്‍ മാത്രമായി ഒതുങ്ങുന്ന അവസ്ഥയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam