
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടുനിന്നുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും കെഎസ്ആര്‍ടിസിയിലെ ഇടത് അനുകൂല തൊഴിലാളി സംഘടനയും. പാലക്കാട് ഡിടിഒയെ തടഞ്ഞ് ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതിഷേധിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ഡിടിഒ ജോഷി ജോണിനെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാക്കള്‍ സ്വന്തം താത്പര്യപ്രകാരം പാലക്കാട് ജോലി ചെയ്ത് മുന്നോട്ടുപോകാനാകില്ലെന്നും ഭീഷണി മുഴക്കി. ഡിടിഒയുടെ സീറ്റിലിരുന്ന് രാഷ്ട്രീയം കളിച്ചാൽ സീറ്റിലുണ്ടാകില്ലെന്നായിരുന്നു ഭീഷണി. കെഎസ്ആര്‍ടിസിയിലെ ഇടത് സംഘടനയെ പോലും അറിയിക്കാതെയാണ് പരിപാടി നടത്തിയതെന്ന് ആരോപിച്ച് കെഎസ്ആര്‍ടിഇഎ സംഘടനയും ഡിപ്പോക്ക് പുറത്ത് പ്രതിഷേധിച്ചു.രാഹുൽ മാങ്കൂട്ടത്തിലിലെന്ന ക്രിമിനലായിട്ടുള്ള ആളെ ഉദ്ഘാടനത്തിന് വിളിച്ചത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാമ് ഡിവൈഎഫ്ഐ നേതാക്കള്‍ ഡിടിഒ ജോഷി ജോണിനെ ചോദ്യം ചെയ്തത്.
പീഡന ആരോപണ വിധേയനായ എംഎൽഎയെ കൊണ്ട് ബസിന്‍റെ ഫ്ലാഗ് ഓഫ് നടത്തിയത് ശരിയാണോയെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ചോദ്യും ചെയ്തു. ഡിടിഒയ്ക്ക് പ്രത്യേക താത്പര്യമുണ്ടെന്നും ആ താത്പര്യവുമായി പാലക്കാട് മുന്നോട്ടുപോകാൻ കഴിയില്ലെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ഭീഷണി മുഴക്കി. ജില്ലാ സെക്രട്ടറി റിയാസുദ്ദീന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വ്യക്തിപരമായി ഡിടിഒ എടുത്ത തീരുമാനമാണിത്. കെഎസ്ആര്‍ടിസിയുടെ തൊഴിലാളി സംഘടനകളോടു പോലും ആലോചിക്കാതെ തലയിൽ മുണ്ടിട്ട് പാതിരാത്രി കള്ളന്മാരെ പോലെ ശരിക്കും പറഞ്ഞാൽ മീശമാധവൻ സിനിമയിലെ ജഗതിയുടെ കഥാപാത്രം പട്ടാളം പുരുഷുവിന്‍റെ വീട്ടിൽ പോകുന്നതുപോലെയാണ് രാഹുൽ എത്തി ഉദ്ഘാടനം നടത്തിയതെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പരിഹസിച്ചു. ഇത്രഗതി കെട്ട എംഎൽഎ വേറെ ഉണ്ടാകില്ലെന്നും രഹസ്യമായി പരിപാടിയിൽ പങ്കെടുക്കേണ്ട അവസ്ഥയാണെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി റിയാസുദ്ദീൻ പറഞ്ഞു. സംഭവത്തിൽ വകുപ്പ് മന്ത്രിയ്ക്ക് ഡിപ്പോ എഞ്ചിനീയര്‍ക്കും ഡിടിഒയ്ക്കുമെതിരെ പരാതി നൽകും. തൊഴിലാളികളെ അറിയിക്കാതെ പരിപാടി നടത്തിയതിനാണ് പരാതി നൽകുക.പരസ്യമായി ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ എംഎൽഎയെ വെല്ലുവിളിക്കുകയാണെന്നും റിയാസുദ്ദീൻ പറഞ്ഞു.
അതേസമയം, പുതിയ ബസ് വരുമ്പോള്‍ സ്ഥലം എംഎൽഎയെ വിവരം അറിയിക്കാറുണ്ടെന്നും ശനിയാഴ്ച ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് ഡിടിഒ വിശദീകരിക്കുന്നത്. രാത്രി 8.30നാണ് എംഎൽഎ വരുമെന്ന് അറിയിച്ചതെന്നും ഡിടിഒ ജോഷി ജോണ്‍ പറഞ്ഞു. എംഎൽഎ വന്നതു കൊണ്ടാണ് ഫ്ലാഗ് ഓഫ് ചടങ്ങ് വെച്ചത്. പ്രത്യേക പരിപാടി ഒന്നും ഇല്ലാത്തത് കൊണ്ടാണ് സംഘടന നേതാക്കളെ അറിയിക്കാത്തതെന്നും ഡിടിഒ പറഞ്ഞു.ബസ് സർവീസ് ഉദ്ഘാടനം തൊഴിലാളി സംഘടനകളെ അറിയിച്ചില്ലെന്ന് കെഎസ്ആര്‍ടിഇഎ നേതാക്കള്‍ ആരോപിച്ചു. ഡിപ്പോ എഞ്ചിനീയർ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പെട്ടെന്ന് രാഹുൽ കയറി വരികയായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു.