
പാലക്കാട്: യുവതികളുടെ ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ മാറിനിന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ സജീവമായതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ ചൊല്ലിയാണ് കോൺഗ്രസിൽ പുതിയ പൊട്ടിത്തെറി. തങ്ങളെ അറിയിക്കാതെ പരിപാടി നടത്തിയെന്ന് കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ മൻസൂർ മണലാഞ്ചേരി പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മൻസൂർ ശബ്ദ സന്ദേശം ഇട്ടത്. പുത്തൂരിൽ നിന്നുള്ള ആളുകൾ പരിപാടിക്കെത്തി. എന്നാൽ പുതുപ്പള്ളി തെരുവിൽ നിന്നുള്ളവരെ അറിയിച്ചില്ല. രഹസ്യമായി നടത്തിയ പരിപാടിയുടെ വിവരങ്ങൾ തങ്ങൾ ചോർത്തും എന്നതിനാലാണോ അറിയിക്കാതിരുന്നതെന്നും മൻസൂർ ചോദിക്കുന്നു. എന്തുകൊണ്ട് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും മൻസൂർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊതുപരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ രാഹുലിനെ പരിഹസിച്ച് ഡിവൈഎഫ്ഐയും ബിജെപിയും. രാഹുൽ പൊതു പരിപാടിയിൽ പങ്കെടുത്തത് ഒളിച്ചും പാത്തുമാണെന്നും ധൈര്യമുണ്ടെങ്കിൽ എല്ലാവരെയും അറിയിച്ച് പരിപാടിയിൽ പങ്കെടുക്കൂവെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെസി റിയാസുദീൻ പ്രതികരിച്ചു. രാഹുലിൻ്റേത് ഒളിസേവയെന്നാണ് ബിജെപി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് പറഞ്ഞു. രാഹുൽ പരിപാടിയിൽ പങ്കെടുത്തത് ഇരുട്ടിൻ്റെ മറവിലാണന്നും ഒരാളെയും അറിയിക്കാതെയാണെന്നും കൃഷ്ണദാസ് പരിഹസിച്ചു. വിവാദങ്ങൾക്കു ശേഷം പാലക്കാട് ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത്. പാലക്കാട് - ബാംഗ്ലൂർ കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ അന്തർസംസ്ഥാന പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam