
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച സംഭവത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹസീന മുനീറിനെ സസ്പെൻഡ് ചെയ്തു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് കണ്ടെത്തിയാണ് നടപടി. ഹസീന മുനീറിന്റെ ഭർത്താവ് മുനീർ ആയിരുന്നു പണം തട്ടിയത്. ഹസീനയ്ക്കെതിരെയും ആരോപണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ ഹസീന മുനീറിനെ പാർട്ടി സസ്പെൻഡ് ചെയ്തത്.
അതേസമയം, കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് കൈക്കലാക്കിയ തുക ആരോപണവിധേയൻ മടക്കിനൽകി. ആലുവ സ്വദേശി മുനീറാണ് ബിഹാർ സ്വദേശിയും ഇതര സംസ്ഥാന തൊഴിലാളിയുമായ പരാതിക്കാരന് 50000 രൂപ മടക്കി നൽകിയത്. ഇയാൾ 1.2 ലക്ഷം രൂപ തട്ടിയെന്നും ഇതിൽ 70000 മടക്കിനൽകിയെന്നും ബാക്കി നൽകാനുണ്ടെന്നുമായിരുന്നു പരാതി. വാർത്ത കളവാണെന്ന് പറയണമെന്നും ആരോപണവിധേയൻ പരാതിക്കാരനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. എന്നാൽ അതിന് തയ്യാറാവില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി. മുനീറിന്റെ ഫോൺ സംഭാഷണം പരാതിക്കാരൻ റെക്കോർഡ് ചെയ്തു. തനിക്ക് കളവ് പറയാൻ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛൻ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.
ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് പണം മടക്കി നൽകി തടിയൂരി ആരോപണ വിധേയൻ
അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പിതാവാണ് പണം തട്ടിയെന്ന പരാതിയുമായി രംഗത്ത് വന്നത്. കുട്ടി മരിച്ച സമയത്ത് കുടുംബത്തെ സഹായിക്കുന്നതിന് മുന്നിൽ നിന്ന ആലുവയിലെ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവായ മുനീറെന്ന യുവാവാണ് പ്രതിസ്ഥാനത്ത്. പരാതിക്കാരന്റെ എടിഎം കാർഡ് ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 1.2 ലക്ഷം രൂപ പലപ്പോഴായി പിൻവലിച്ച മുനീർ ഈ തുക മടക്കി നൽകിയില്ല. പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോഴാണ് 70000 രൂപ ഇയാൾ നൽകിയത്. എന്നിട്ടും ബാക്കി തുക നൽകാൻ തയ്യാറായില്ല.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam