Asianet News MalayalamAsianet News Malayalam

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് പണം മടക്കി നൽകി തടിയൂരി ആരോപണ വിധേയൻ

വാർത്ത കളവാണെന്ന് പറയണമെന്നും ആരോപണവിധേയൻ പരാതിക്കാരനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. എന്നാൽ അതിന് തയ്യാറാവില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി

Man paid back cheated money from aluva child family kgn
Author
First Published Nov 16, 2023, 12:11 PM IST

ആലുവ: ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് കൈക്കലാക്കിയ തുക ആരോപണവിധേയൻ മടക്കിനൽകി. ആലുവ സ്വദേശി മുനീറാണ് ബിഹാർ സ്വദേശിയും ഇതര സംസ്ഥാന തൊഴിലാളിയുമായ പരാതിക്കാരന് 50000 രൂപ മടക്കി നൽകിയത്. ഇയാൾ 1.2 ലക്ഷം രൂപ തട്ടിയെന്നും ഇതിൽ 70000 മടക്കിനൽകിയെന്നും ബാക്കി നൽകാനുണ്ടെന്നുമായിരുന്നു പരാതി. വാർത്ത കളവാണെന്ന് പറയണമെന്നും ആരോപണവിധേയൻ പരാതിക്കാരനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. എന്നാൽ അതിന് തയ്യാറാവില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി. മുനീറിന്റെ ഫോൺ സംഭാഷണം പരാതിക്കാരൻ റെക്കോർഡ് ചെയ്തു. തനിക്ക് കളവ് പറയാൻ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛൻ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. 

അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പിതാവാണ് പണം തട്ടിയെന്ന പരാതിയുമായി രംഗത്ത് വന്നത്. കുട്ടി മരിച്ച സമയത്ത് കുടുംബത്തെ സഹായിക്കുന്നതിന് മുന്നിൽ നിന്ന ആലുവയിലെ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവായ മുനീറെന്ന യുവാവാണ് പ്രതിസ്ഥാനത്ത്. പരാതിക്കാരന്റെ എടിഎം കാർഡ് ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 1.2 ലക്ഷം രൂപ പലപ്പോഴായി പിൻവലിച്ച മുനീർ ഈ തുക മടക്കി നൽകിയില്ല. പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോഴാണ് 70000 രൂപ ഇയാൾ നൽകിയത്. എന്നിട്ടും ബാക്കി തുക നൽകാൻ തയ്യാറായില്ല.

പണം എടിഎമ്മിൽ നിന്ന് എടുത്ത് നൽകി സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുനീർ, പറ്റിച്ചുവെന്നത് വ്യാജ ആരോപണമാണെന്നും കുട്ടി കൊല്ലപ്പെട്ട സമയത്ത് കുടുംബത്തെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പറയുന്നു. കുട്ടി മരിച്ച ഘട്ടത്തിലൊന്നും തങ്ങൾ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയില്ലെന്നും ഇപ്പോഴാണ് മുനീർ പണം തട്ടിയെന്ന് മനസിലായതെന്നും പറഞ്ഞ പരാതിക്കാരൻ സംഭവത്തിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നൽകാനുള്ള 50000 രൂപ കൂടി മുനീർ തിരിച്ച് നൽകിയത്.

Follow Us:
Download App:
  • android
  • ios