
പാലക്കാട്: കല്ലടിക്കോട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കി പൊലീസ്. മരുതംകാട് സ്വദേശി പെട്ടെന്നുളള പ്രകോപനത്തിൽ അയൽവാസിയായ നിതിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. കൊലപാതകത്തിൻറെ നടുക്കത്തിൽ ഇയാൾ സ്വയം വെടി വെച്ച് മരിക്കുകയായിരുന്നു. കൃത്യത്തിനായി ബിനു ഉപയോഗിച്ചിരുന്ന തോക്ക് എവിടെ നിന്ന് കിട്ടിയെന്ന് വനംവകുപ്പ് അന്വേഷിക്കും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. മരുതംകാട് സ്വദേശിയായ ബിനുവിൻറെ മൃതദേഹം റോഡിലും നിതിൻറെ മൃതദേഹം വീടിനകത്തുമായിരുന്നു കിടന്നിരുന്നത്. ബിനുവും നിതിനും അയൽവാസികളും സുഹൃത്തുക്കളുമാണ്. 45 കാരനായ അവിവാഹിതനായ ബിനു വീട്ടിൽ ഒറ്റയ്ക്കാണ് താമസം. നിതിൻ സഹോദരനും അമ്മയ്ക്കുമൊപ്പം ബിനുവിൻറെ വീടിന് സമീപമാണ് താമസിക്കുന്നത്. നിതിൻറെ
അമ്മയെ കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് ഇരുവരും തമ്മിലുളള തർക്കത്തിന് കാരണം. ദിവസങ്ങൾക്ക് മുമ്പ് ബിനുവും നിതിനും തമ്മിൽ ഇതേകുറിച്ച് വാക്കേറ്റമുണ്ടായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ ബിനു നാടൻ തോക്കുപയോഗിച്ച് കാട്ടുപന്നികളെ വ്യാപകമായി പിടിച്ചിരുന്നു. ഉച്ചയ്ക്ക് നിതിൻ്റെ വീട്ടിലെത്തിയ ബിനു മദ്യപിച്ച നിലയിലായിരുന്നു. മറ്റൊരിടത്തേക്ക് പോകും വഴി നിതിൻ്റെ വീട്ടിലേക്ക് കയറി. നിതിനുമായി തർക്കത്തിനിടെ വെടി ഉതിർക്കുകയായിരുന്നു. ബിനുവിൻ്റെ പക്കൽ 17 വെടി ഉണ്ടകൾ ഉണ്ടായിരുന്നു. എന്നാൽ നിതിനെ പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. നിതിൻ അടുക്കളയിലുളള കത്തികൊണ്ട് പ്രതിരോധം തീർക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നിതിന് വെടിയേറ്റത് വലതു കൈയിലാണ്.
വെടിയുണ്ട ശരീരത്തിലേക്ക് തുളച്ചു കയറി ആന്തരിക രക്തസ്രാവമാണ് മരണകാരണം. നിതിൻ മരിച്ചെന്ന് മനസ്സിലായ ബിനു ഉടൻ അവിടെ നിന്ന് പുറത്ത് കടന്നു. നിതിൻ്റെ വീടിനോട് ചേർന്ന് സ്കൂളിന് സമീപത്തുളള റോഡിലെത്തിയപ്പോൾ സ്വയം വെടിയുതിർത്തു. നെഞ്ചിനാണ് വെടിയേറ്റത്. പ്രദേശവാസി കാണുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയാണ് ബിനു. ഉച്ചയ്ക്ക് പ്രദേശവാസികൾ 2 തവണ വെടിയൊച്ച കേട്ടിരുന്നു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായതിനാൽ ആരെങ്കിലും പന്നിയെ വെടിവെച്ചതാകാമെന്ന് കരുതിയെന്ന് പ്രദേശവാസികൾ മൊഴി നൽകി. ബിനു ക്രിമിനൽ പശ്ചാത്തലമുള്ളയാളല്ലെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. വനംവകുപ്പിലും ബിനുവിനെതിരെ നേരത്തെ കേസില്ല. ബിനുവിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്ന കാര്യത്തിൽ പൊലീസും വനംവകുപ്പും പരിശോധന നടത്തുന്നുണ്ട്.