
കൊച്ചി: പ്രണയ ബന്ധങ്ങള്‍, വിവാഹ ബന്ധങ്ങള്‍, ഗാര്‍ഹിക ചുറ്റുപാടുകളിലുള്ള കുടുംബ ബന്ധങ്ങള്‍ എന്നിവയിലുള്‍പ്പടെ ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്തേണ്ടത് എങ്ങനെ എന്നത് സംബന്ധിച്ച് പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും അവബോധമുണ്ടാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
ഇതിനായി ഇത്തരം വിഷയങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഇതിനാവശ്യമായ നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. സ്വന്തം ജീവിതം തകരുന്ന ബന്ധങ്ങളിലേക്ക് എത്തിച്ചേരാതിരിക്കാനുള്ള കരുതല്‍ പെണ്‍കുട്ടികള്‍ക്ക് വേണം. ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണ ചെറുപ്പം മുതല്‍ വളര്‍ത്തിയെടുക്കണം.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്നവരുമായി ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടികള്‍ വലിയ അബദ്ധങ്ങളില്‍ ചെന്നു ചാടുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്. ഗാര്‍ഹിക പീഢനവുമായി ബന്ധപ്പെട്ടും വയോജനങ്ങളെ കൈയൊഴിയുന്ന മക്കള്‍ക്കെതിരേയുള്ള പരാതികളുമാണ് അദാലത്തില്‍ കൂടുതലായി എത്തിയതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. പ്രായമായ മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം അവരെ ഇറക്കി വിടുന്ന നിരവധി പരാതികളാണ് ലഭിക്കുന്നത്.
നിരാലംബരാകുന്ന അവസ്ഥയിലുള്ള നിരവധി അമ്മമാര്‍ കമ്മിഷനു മുന്നിലെത്തുന്നു. മക്കള്‍ എഴുതി വാങ്ങിയ ഭൂമി തിരിച്ച് നല്‍കാന്‍ ആര്‍ ഡി ഒ കോടതി വിധിച്ചെങ്കിലും ആധാരം രജിസ്റ്റര്‍ ചെയ്തപ്പോള്‍ ആ വ്യവസ്ഥ രേഖപ്പടുത്താത്തതിനാല്‍ സ്വന്തം ഭൂമി തിരിച്ച് ലഭിക്കാത്ത ഉമ്മ പരാതിയുമായി കമ്മിഷനു മുന്നിലെത്തി. ഇത്തരം കേസുകളില്‍ നോട്ടീസ് നല്‍കിയാലും മക്കള്‍ ഹാജരാകാറില്ല. സംരക്ഷണ ചെലവ് നല്‍കണമെന്ന് ആര്‍ഡിഒ കോടതി വിധിച്ചിട്ടും അതിനു തയാറാകാത്ത മക്കളാണുള്ളതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
എറണാകുളം ജില്ലാതല അദാലത്തില്‍ 21 പരാതികള്‍ പരിഹരിച്ചു. ആറെണ്ണം hzeലീസ് റിപ്പോര്‍ട്ട് തേടി. ഒരു പരാതിയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു. 83 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 111 പരാതികളാണ് പരിഗണിച്ചത്. വനിത കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, പാനല്‍ അഭിഭാഷകര്‍, കൗണ്‍സലിംഗ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam