
തിരുവനന്തപുരം: മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിലെ പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചിലരുടെ മനസിലുള്ളതാണ് ബാച്ച് വർദ്ധിപ്പിക്കണം എന്നതെന്ന് പറഞ്ഞ മന്ത്രി ബാച്ച് വർധിപ്പിക്കൽ സാധ്യമല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. പ്രതിഷേധത്തിന് മുന്നിൽ മുട്ടുകുത്തില്ലെന്നും മന്ത്രി പറഞ്ഞു. ഒരു ക്ലാസിൽ കൂടുതൽ കുട്ടികൾ ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എം എസ് എഫ് പ്രതിഷേധത്തിൽ പരിഹാസത്തോടെയാണ് മന്ത്രി പ്രതികരിച്ചത്. ഒരാൾ വന്ന് നടത്തിയാൽ പ്രതിഷേധമാകില്ലെന്നും പതിനായിരം പേരെങ്കിലും ഉണ്ടെങ്കിലേ പ്രതിഷേധമാകൂ എന്നുമായിരുന്നു ശിവൻകുട്ടിയുടെ പരിഹാസ വാക്കുകൾ.
മലബാർ പ്ലസ് വൺ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിലായിരുന്നു എംഎസ്എഫ് പ്രതിഷേധം നടത്തിയത്. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കുളപ്പടയാണ് പ്രതിഷേധിച്ചത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി- യുവജന- വിദ്യാർഥി- മഹിളാ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെയാണ് യോഗത്തിൽ ക്ഷണിച്ചത്.
എംഎസ്എഫ് പ്രതിനിധിയായാണ് നൗഫൽ യോഗത്തിനെത്തിയത്. യോഗം ആരംഭിച്ചയുടൻ നൗഫൽ പ്രതിഷേധിച്ചു. പ്ലസ്‌വൺ സീറ്റുകൾ മലബാറിന്റെ അവകാശമാണെന്നും മലബാർ കേരളത്തിലാണെന്നും എഴുതിയ ടീഷർട്ട് ഉയർത്തി കാട്ടിയായിരുന്നു പ്രതിഷേധം. സീറ്റ് ക്ഷാമം പരിഹരിക്കണമെന്നും നൗഫൽ മന്ത്രിയോട് ആവശ്യപ്പെട്ടു. യോഗത്തിനെത്തിയ ഇടത് സംഘടനാ പ്രതിനിധികൾ നൗഫലിനെ ബലമായി പുറത്താക്കി. യോഗ ഹാളിന് പുറത്തും കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൻ്റോൺമെന്റ് പൊലീസ് എത്തി നൗഫലിനെ അറസ്റ്റ്ചെയ്തു.
അതേ സമയം, മലബാറിൽ പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സമര രംഗത്തേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം 29ന് പ്രതിസന്ധിയുള്ള 6 ജില്ലകളിലെ കലക്ടറേറ്റുകൾക്ക് മുന്നിൽ ലീഗ് പ്രതിഷേധിക്കും. സീറ്റ് കൂട്ടിയിട്ട് കാര്യമില്ലെന്നും വാഗൺ ട്രാജഡി ക്ലാസുകൾ നടപ്പാക്കരുത് എന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം കോഴിക്കോട് ആവശ്യപ്പെട്ടു.