രാത്രി വൈകിയും കിഫ്ബിയില്‍ ആദായനികുതി പരിശോധന; ഉന്നത നിയമനങ്ങളെ കുറിച്ചും അന്വേഷണം

By Web TeamFirst Published Mar 26, 2021, 9:00 AM IST
Highlights

കരാറുകാര്‍ നികുതി വെട്ടിച്ചോയെന്നതിന്‍റെ വിശദാംശങ്ങളാണ് പത്ത് മണിക്കൂർ പരിശോധനയിൽ തേടിയത്. ഉന്നത നിയമനങ്ങളെ കുറിച്ചും അന്വേഷിക്കുന്നു.

തിരുവനന്തപുരം: കിഫ്ബിക്കെതിരെ നിർണായക നീക്കവുമായി ആദായ നികുതി വകുപ്പ്. തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്‍റെ പരിശോധന രാത്രി വൈകിയും നീണ്ടു. ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പത്ത് മണിക്കൂറോളമാണ് പരിശോധന നടത്തിയത്. കരാറുകാര്‍ നികുതി വെട്ടിച്ചോയെന്നതിന്‍റെ വിശദാംശങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. ഉന്നത നിയമനങ്ങളെ കുറിച്ചും അന്വേഷിക്കുന്നു.

അഞ്ചുവർഷത്തെ പദ്ദതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടീസ് നൽകിയിരുന്നു. എത്ര കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്, കരാറുകള്‍ക്ക് എത്ര പണം നൽകി തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. വിവിധ വകുപ്പുകളും കിഫ് ബിയും ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നു. കൈമാറിയ രേഖകള്‍ സംബന്ധിച്ചായിരുന്നു പരിശോധന. പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു കിഫ്ബിയുടെ പ്രതികരണം. അതേസമയം, നീക്കം കിഫ്ബിയെ നശിപ്പിക്കാനുള്ളതാണെന്നാരോപിച്ച് ധനമന്ത്രി തോമസ് ഐസക്കും രംഗത്ത് വന്നു.

click me!