ലൈംഗികാതിക്രമ കേസിൽ മുൻ എംഎൽഎയും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ചലച്ചിത്ര മേളയ്ക്കിടെ ഹോട്ടലിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന സംവിധായികയുടെ പരാതിയിലാണ് കേസ്.
തിരുവനന്തപുരം : ലൈംഗികാതിക്രമ കേസിൽ മുൻ എംഎൽഎയും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് റിപ്പോർട്ട് ഹാജരാക്കാത്തതിനാൽ ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കന്‍റോൺമെന്‍റ് പൊലീസിനോട് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം നൽകിയിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി. നവംബർ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡിസംബർ എട്ടിനാണ് കേസെടുത്തത്.
നവംബർ ആറിന് സിനിമകളുടെ സ്ക്രീനിംഗിന് ശേഷം തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി എന്നാണ് ഇവർ ആരോപിക്കുന്നത്. ഈ സംഭവത്തിൽ നവംബർ 27-ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഡിസംബർ എട്ടിന് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 74, 75(1) വകുപ്പുകൾ പ്രകാരമാണ് കുറ്റകൃത്യം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. കൂടാതെ, സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതായും കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ആ സമയത്ത് അവിടെയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ വിധി വന്നതിനുശേഷം മാത്രമേ പ്രതിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.


