
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ആശങ്കയാകുന്നു. രോഗവ്യാപനത്തിന്‍റെ അടുത്തഘട്ടത്തിൽ വീട്ടിലെ മുതിർന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ആവശ്യത്തിന് ഐസിയു വെന്‍റിലേറ്ററുകൾ സജ്ജീകരണങ്ങൾ ഉറപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ മരണനിരക്കും ഉയരും.
എറണാകുളത്തെ മാത്രം കണക്ക് പരിശോധിച്ചാൽ ഇത് വരെ രോഗം സ്ഥിരീകരിച്ച 61 ശതമാനം പേരും 50 വയസ്സിന് താഴെയുള്ളവരാണ്. പ്രായം കുറഞ്ഞവര്‍ക്ക് രോഗം സ്ഥിരീകരിച്ചതും അവര്‍ വേഗത്തിൽ രോഗമുക്തി നേടുന്നതും രോഗമുക്തി നിരക്ക് കൂട്ടി. മരണനിരക്കും കുറഞ്ഞു. എന്നാൽ രോഗലക്ഷണങ്ങളും, രോഗതീവ്രതയും കുറഞ്ഞ ഈ വിഭാഗത്തിൽ നിന്ന് കുടുംബത്തിലെ മുതിർന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത വരും ദിവസങ്ങളിൽ കൂടുതലാണ്.
നിലവിൽ ചികിത്സയിലുള്ള അഞ്ച് ശതമാനം രോഗികൾക്ക് മാത്രമാണ് ഐസിയു, ഓക്സിജൻ സഹായം ലഭ്യമാക്കേണ്ടി വരുന്നത്. എന്നാൽ പ്രായമായവരിലേക്ക് രോഗവ്യാപനം കൂടിയാൽ ഇത് 10 മുതൽ 12 ശതമാനം വരെ എത്തും. സർക്കാർ സ്വകാര്യ ആശുപത്രികളിലായി സംസ്ഥാനത്ത് 1000 വെന്‍റിലേറ്ററുകളും, 3000 ഐസിയു കിടക്കകളും ലഭ്യമാണെന്നാണ് ഏകദേശ കണക്ക്. സ്ഥിതി വഷളായാൽ ഇത് തികയാതെ വരും.
സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം 182 പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 130 പേരും അറുപത് വയസ്സിന് മുകളിലുള്ളവരാണ്. മരിച്ചവരിൽ 43 പേർ 41 മുതൽ 59 വയസ്സ് വരെയുള്ളവരും. സംസ്ഥാനത്തെ ചികിത്സ സൗകര്യങ്ങൾ ഉയർത്തിയില്ലെങ്കിൽ മുന്നിലുള്ളത് വലിയ വെല്ലുവിളിയാകും. വയോധികർ റിവേഴ്സ് ക്വാറന്‍റീൻ പാലിക്കുന്നുണ്ടെങ്കിലും പരിമിതമായ സമ്പർക്കത്തിലും അതീ ജാഗ്രത പാലിക്കേണ്ട ഘട്ടമാണ് കടന്ന് വരുന്നതെന്ന് ആരോഗ്യ വിദക്തര്‍ മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam