
തൃശൂര്‍: ഇക്കഴിഞ്ഞ തൃശൂര്‍ പൂരത്തിന് വിദേശ വനിത വ്ലോഗറെ അപമാനിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാലക്കാട് ആലത്തൂർ സ്വദേശി മധുവാണ് പിടിയിലായത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത വിദേശ വനിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലിട്ട വീഡിയോയിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ശ്രീമൂലസ്ഥാനത്ത് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നു പിടിച്ചു എന്നായിരുന്നു വിദേശ വനിതയുടെ ആരോപണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.വ്ളോഗറായ വിദേശ വനിത തൃശൂര്‍ പൂരത്തിന്‍റെ പ്രതികരണം ആളുകളില്‍ നിന്നും തേടുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന തരത്തില്‍ നേരത്തെ വീഡിയോ ഉള്‍പ്പെടെ ഇട്ടിരുന്ന വ്ളോഗറാണിത്.
2024 ഏറ്റവും മികച്ച അനുഭവമെന്ന തരത്തില്‍ യുവാക്കള്‍ പാട്ടുപാടുന്നതിന്‍റെ വീഡിയോയും ഏറ്റവും മോശം അനുഭവമെന്ന തരത്തില്‍ മറ്റൊരു വീഡിയോയുമാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇവര്‍ ഇട്ടത്. ഇതില്‍ ഏറ്റവും മോശം അനുഭവമെന്ന് പറഞ്ഞുള്ള വീഡിയോയിലാണ് വെളിപ്പെടുത്തല്‍. പ്രതികരണം എടുത്തശേഷം ഇയാള്‍ അനുവാദമില്ലാതെ വിദേശ വനിതയെ കടന്നുപിടിക്കുന്നതും ഉമ്മ വെക്കുകയാണെന്ന് ഇയാള്‍ പറയുന്നതും വീഡിയോയിലുണ്ട്. സംഭാഷണത്തിന്‍റെ ഇംഗ്ലീഷ് സബ് ടൈറ്റിലൂടെയാണ് വീഡിയോ ഇട്ടിരിക്കുന്നത്. ഇയാളെ വിദേശ വനിത തട്ടിമാറ്റുന്നതും വീഡിയോയിലുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam