ചർച്ച നടത്താമെന്ന് മന്ത്രി: മെഡി. കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു

By Web TeamFirst Published Nov 24, 2019, 5:05 PM IST
Highlights

നവംബർ 20-ന് ശമ്പളപരിഷ്കരണമെന്ന ആവശ്യം ഉന്നയിച്ച് ഡോക്ടർമാർ നടത്തിയ സൂചനാ സമരത്തിൽ വലഞ്ഞത് സാധാരണക്കാരായ രോഗികളാണ്. 

തിരുവനന്തപുരം: ശമ്പള പരിഷ്കരണം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഈ മാസം 27-ാം തീയതി മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും ചർച്ച നടത്താമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നൽകിയ ഉറപ്പിനെത്തുടർന്നാണ് സമരം തൽക്കാലത്തേക്ക് മാറ്റിവച്ചത്. ഇതേ ആവശ്യമുന്നയിച്ച് നവംബർ 20-ന് രാവിലെ രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിച്ച് സർക്കാർ ഡോക്ടർമാർ നടത്തിയ സൂചനാ സമരത്തിൽ നിരവധി സാധാരണക്കാരായ രോഗികൾ വലഞ്ഞിരുന്നു.

ആവശ്യങ്ങൾ ചർച്ചയിൽ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് പോകാൻ മടിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചു. നിരവധി രോഗികൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ ഒപികൾ അൽപസമയം തടസ്സപ്പെട്ടാൽത്തന്നെ അത് ബാധിക്കുന്നത് ആയിരക്കണക്കിന് രോഗികളെയാണ്. 

കേരള മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷനാണ് ശമ്പളപരിഷ്കരണം ഉടൻ വേണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച സൂചനാ സമരം നടത്തിയത്. എന്നാൽ അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു തുടങ്ങിയ വിഭാഗങ്ങളുടെ പ്രവർത്തനത്തെ സമരം ബാധിച്ചിരുന്നില്ല. 

2006-ലാണ് അവസാനമായി സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർക്ക് ശമ്പളപരിഷ്കരണം ലഭിച്ചത്. 2016-ൽ വീണ്ടും ശമ്പളം പരിഷ്കരിക്കേണ്ടിയിരുന്നതാണ്. ഇതുണ്ടായില്ല. ഉടനടി ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് ഡോക്ടർമാർ സൂചനാ സമരം നടത്തുന്നത്. 

click me!