'ഇത് നീതിനിഷേധമല്ലേ?': സഭാ തർക്കത്തിൽ സർക്കാരിനെതിരെ വീണ്ടും ഓർത്തഡോക്സ് സഭ

By Web TeamFirst Published Nov 24, 2019, 4:58 PM IST
Highlights

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സർക്കാർ കാണിക്കുന്ന നിസംഗതക്കും നീതി നിഷേധത്തിനും എതിരെ പ്രതിഷേധിക്കുന്നതായി കാതോലിക്കാ ബാവ

പത്തനംതിട്ട: സർക്കാരിന് എതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ. ഭരണകൂടത്തിന് താല്‍പ്പര്യം ഉണ്ടെങ്കില്‍ ഒരുനിമിഷം കൊണ്ട് കോടതി വിധി നടപ്പാക്കാൻ കഴിയുമെന്ന് പൗലോസ് ദ്വിതീയൻ കതോലിക്ക ബാവ പറഞ്ഞു. സുപ്രിംകോടതി വിധി നടപ്പാക്കത്തത് നീതിനിഷേധമാണന്ന് കാണിച്ച്  പ്രതിഷേധ  പ്രമേയവും പാസ്സാക്കി. തുമ്പമൺ ഭദ്രാസനത്തിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍  പ്രതിഷേധസമ്മേളനവും റാലിയും സംഘടിപ്പിച്ചു.

സംശയത്തിന് ഇടയില്ലാത്ത ഉത്തരവ്  ഉണ്ടായിട്ടും നീതി നടപ്പാക്കുന്നതിന് സർക്കാർ ശ്രമിക്കുന്നില്ല. ഏതാനും വ്യക്തികള്‍ വിചാരിച്ചാല്‍ ഓർത്തഡോക്സ് സഭയെ തകർക്കാൻ ആകില്ലെന്നും പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ പറഞ്ഞു. സർക്കാർ വിചാരിച്ചാല്‍ ഒരുനിമിഷം കൊണ്ട് കോടതി വിധി നടപ്പാക്കാന്‍ കഴിയും. എന്നാല്‍ അതിന് ശ്രമിക്കുന്നില്ലന്നും കാതോലിക്ക ബാവ ആരോപിച്ചു.

പ്രതിഷേധ സമ്മേളനത്തിനോട് അനുബന്ധിച്ച് പാസ്സാക്കിയ പ്രമേയത്തിലും സർക്കാരിന് എതിരെ കടുത്തവിമർശനമാണ് ഉള്ളത്. സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാവർക്കും ബാധ്യത ഉണ്ട്. എന്നാല്‍ ബോധപൂർവ്വം ചിലര്‍ വിസ്‍മരിക്കുകയാണെന്നും ഇത് രാജ്യത്ത് അരാചകത്വത്തിന്  വഴിവെക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. പ്രതിഷേധ സമ്മേളനം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യതു. സമ്മേളനത്തിന്‌ ശേഷം നഗരത്തില്‍ പ്രതിഷേധ റാലിയും നടന്നു.

click me!