രാജ്യത്ത് 42,880 സാമ്പിളുകൾ പരിശോധിച്ചു; ആറ് ലക്ഷം അതിഥി തൊഴിലാളികൾ അഭയകേന്ദ്രങ്ങളിലെന്നും ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Mar 31, 2020, 4:48 PM IST
Highlights

രാജ്യത്തിനകത്ത് ചരക്ക് നീക്കം സുഗമമാക്കും. ദക്ഷിണ കൊറിയ, തുർക്കി, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് നിന്ന് ആവശ്യമായ ഉപകരണങ്ങൾ എത്തിക്കും

ദില്ലി: രാജ്യത്തെ ആറ് ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളെ അഭയ കേന്ദ്രങ്ങളിൽ പാർപ്പിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിലായി 61000ത്തിലേറെ അഭയ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി ഹർഷ വർധൻ പറഞ്ഞു.

"എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിലേ കൊവിഡ് പ്രതിരോധിക്കാനാകൂ. ചില സ്ഥലങ്ങളിൽ നിർദ്ദേശം പാലിക്കാത്തതു കൊണ്ടാണ് കൊവിഡ് കേസുകൾ കൂടിയത്. ആറു ലക്ഷം കുടിയേറ്റ തൊഴിലാളികൾ 61000ത്തോളം അഭയ കേന്ദ്രങ്ങളിലായി കഴിയുന്നുണ്ട്. രാജ്യത്തെ 23 ലക്ഷം തൊഴിലാളികൾക്ക് ഭക്ഷണം നല്കുന്നുണ്ട്. രാജ്യത്താകെ ഇതുവരെ 42,880 പരിശോധനകൾ നടത്തി," എന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിനകത്ത് ചരക്ക് നീക്കം സുഗമമാക്കും. ദക്ഷിണ കൊറിയ, തുർക്കി, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് നിന്ന് ആവശ്യമായ ഉപകരണങ്ങൾ എത്തിക്കും. എൻ 95 മാസ്കുകൾ ലഭ്യമാക്കാൻ തദ്ദേശീയ നിർമ്മാതാക്കളുമായി ചേർന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഎ പ്രവർത്തിക്കുന്നുണ്ട്.

രാജ്യത്തെ കൊവിഡ് ഹോട്ട്‌സ്പോട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം ആരോഗ്യ മന്ത്രാലയം നൽകിയില്ല. രോഗ പ്രതിരോധത്തിന്റെ നിർണ്ണായക ഘട്ടമാണിതെന്നും ശ്രമങ്ങൾ വിജയം കണ്ട ശേഷം ഈ ഹോട്സ്പോട്ടുകളെ കുറിച്ച് പറയാമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

ഇന്നലെ 4346 സാമ്പിളുകൾ ടെസ്റ്റ് ചെയ്തെന്ന് ഐസിഎംആർ പറഞ്ഞു. 47 സ്വകാര്യ ലാബുകൾക്ക് സാമ്പിളുകൾ പരിശോധിക്കാൻ അനുമതി നൽകി. ഇവിടങ്ങളിൽ 399 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐസിഎംആർ അറിയിച്ചു.

രാജ്യത്ത് എത്ര സൈനികർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചുവെന്ന ചോദ്യത്തോട് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പ്രതികരിച്ചു. രോഗികളെ ഇങ്ങനെ പ്രത്യേക തരത്തിൽ തരം തിരിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

click me!