
തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ തീരുമാനം. അടിയന്തിരമായി ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കാൻ തീരുമാനിച്ചു. സ്ഥിതി ഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
ആറ് ജില്ലകളിൽ ഇനി നടക്കേണ്ട മുഖ്യമന്ത്രിയുടെ പ്രഭാത യോഗങ്ങളും എൽഡിഎഫ് റാലികളും എന്‍റെ കേരളം പ്രദർശനമേളകളുമാണ് മാറ്റിവച്ചത് .ഇതിനോടകം തുടങ്ങിയ പ്രദർശനമേളകളിലെ കലാപരിപാടികൾ റദാക്കി. സംഘർഷം കൂടുതൽ മുറുകുന്ന മട്ടാണെന്നും ആഘോഷം തുടരുന്നത് ഔചിത്യപൂർണമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ചെയ്യേണ്ടതെന്നും പാകിസ്ഥാന്‍റെ ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. കണ്ണൂരിലെ സര്‍ക്കാരിൻ്റെ വാര്‍ഷികാഘോഷ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇന്ത്യയുടെ പ്രതിരോധ നീക്കങ്ങളെ പ്രശംസിച്ച് സംസാരിച്ചത്. നമ്മുടെ പരമാധികാരത്തെ പോറൽ ഏൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam