
കൊച്ചി : കേരളത്തിന്‍റെ പുറങ്കടലിൽ അപകടത്തിൽപ്പെട്ട ചരക്കുകപ്പൽ വാൻഹായ് 503 ഉൾക്കടലിലേക്ക് നീക്കുന്ന ദൗത്യം വിജയത്തിലേക്ക്. ഇന്ത്യൻ എയർഫോഴ്സും ഹെലികോപ്റ്ററുകളിൽ നിന്ന് തീ അണയ്ക്കാനുള്ള പ്രവർത്തിയിൽ പങ്കാളികളായി. അപകടമുണ്ടായ ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് 44 നോട്ടിക്കൽ മൈൽ സഞ്ചരിച്ച കപ്പൽ നിലവിൽ ദൗത്യസംഘത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്.
തിങ്കളാഴ്ച മുതൽ തുടങ്ങിയ കോസ്റ്റുഗാർഡ് രക്ഷാപ്രവർത്തനം നാലാം ദിനം നിർണ്ണായക ഘട്ടത്തിലേക്കെത്തുകയാണ്. ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറി അറബിക്കടലിൽ തീപിടിച്ച കപ്പൽ നിയന്ത്രണം നഷ്ടപ്പെട്ട് 44 നോട്ടിക്കൽ മൈൽ ഗതിമാറി സഞ്ചരിച്ചിരുന്നു. ഇന്നലെ വൈകീട്ടോടെ വാട്ടർ ലില്ലി എന്ന ടഗ് ബോട്ട് വാൻഹായ് കപ്പലുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞതോടെ ദൗത്യസംഘത്തിന് ആത്മവിശ്വാസമായി.
കൂടുതൽ വടം കെട്ടി ടഗ്ഗുമായി ബന്ധിപ്പിച്ച് തീരത്ത് നിന്ന് പരമാവധി ദൂരെ ഉൾക്കടലിലേക്ക് കപ്പൽ മാറ്റുകയാണ്. ഇന്ന് വൈകീട്ടോടെ ഈ പ്രവർത്തി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാസവിഷ വസ്തുക്കളടങ്ങിയ കപ്പൽ തീരത്ത് നിന്ന് പരമാവധി ദൂരത്തേക്ക് മാറ്റാനാണ് ലക്ഷ്യം. കപ്പലിൽ നിലവിലുള്ള അപകടം പിടിച്ച കണ്ടെയ്നറുകൾ തീരത്തേക്ക് ഒഴുകിയെത്താനുള്ള സാധ്യത പരമാവധി ഇല്ലാതാക്കാനാണ് ശ്രമം. സമീപദിവസങ്ങളിലെ അപകടസാധ്യത ഒഴിവാകുമെങ്കിലും ഭാവിയിൽ ഉൾക്കടലിലും ഇത് കാരണം പരിസ്ഥിതി നാശം സംഭവിക്കും.
എന്നാൽ തീ പൂർണ്ണമായും അണയ്ക്കാൻ കഴിഞ്ഞാൽ കണ്ടെയ്നർ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള നടപടികൾ ദൗത്യ സംഘത്തിന് പരിഗണിക്കാം. കോസ്റ്റഗാർഡ് കപ്പലിൽ നിന്ന് തുടർച്ചയായി വെള്ളം ഒഴിച്ചായിരുന്നു ഇത് വരെ തീ കെടുത്താനുള്ള പ്രവർത്തനങ്ങൾ. രാവിലെ ഇന്ത്യൻ എയർഫോഴ്സും കപ്പലിന് മുകളിലെത്തി നിലയുറപ്പിച്ചു. ഹെലികോപ്റ്ററുകളിൽ നിന്ന് രാസപദാർത്ഥങ്ങൾ വിതറി തീ കെടുത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
കടലിലേക്ക് മറിയാൻ മാത്രം ചെരിവ് കപ്പലിന് ഇത് വരെ സംഭവിച്ചിട്ടില്ല. എന്നാൽ വെള്ളത്തിൽ വീണതായി സ്ഥിരീകരിച്ച 24 കണ്ടെയ്നറുകളിൽ ഒഴുകി നടക്കുന്നതിന്റെ ലൊക്കേഷൻ അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. കാറ്റിന്റെ ഗതിയനുസരിച്ച് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഈ കണ്ടൈനറുകൾ തീരം തൊടുമെന്നാണ് കണക്ക് കൂട്ടൽ.