
ദില്ലി: ഓപ്പറേഷൻ സിന്ദൂരിൽ രാജ്യത്തിന്റെ ആകാശക്കോട്ടയ്ക്ക് കരുത്തും പ്രതിരോധവുമായ റഫാൽ യുദ്ധവിമാനത്തിൽ പറന്ന് ഇന്ത്യയുടെ സർവ്വ സൈന്യാധിപ. ഇതോടെ റഫാൽ യുദ്ധവിമാനത്തിൽ പറന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപദി മുർമു. അംബാല വ്യോമത്താവളത്തിൽ നിന്ന് റഫാലിൽ പറന്ന രാഷ്ട്രപതിയെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എപി സിങ്ങും അനുഗമിച്ചു. അരമണിക്കൂറോളം റഫാൽ വിമാനത്തിൽ രാഷ്ട്രപതി പറന്നു. രാവിലെ പത്തുമണിയോടെ അംബാല വ്യോമതാവളത്തിൽ എത്തിയ രാഷ്ട്രപതിയെ വ്യോമസേന മേധാവിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. പിന്നീട് റഫാൽ യുദ്ധവിമാനങ്ങളുടെ SAQUDRON ആയ ഗോൾഡൻ ആരോസിന്റെ ചിഹ്നം പതിച്ച പൈലറ്റ് യൂണിഫോമിൽ വ്യോമസേന മേധാവിക്കൊപ്പം വിമാനത്തിലേക്ക് കയറുകയായിരുന്നു.
അംബാലയ്ക്ക് മുകളിലൂടെ ആകാശം കീറിമുറിച്ച് റഫാൽ യുദ്ധവിമാനം രാഷ്ട്രപതിയുമായി പറത്തിയത് ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗഹാനിയാണ്. അംബാലയിലെ വ്യോമത്താവളത്തിൽ ഇതാദ്യമായിട്ടാണ് രാഷ്ട്രപതി സന്ദർശനം നടത്തുന്നത്. ഈ മാസം 18 ന് റഫാലിൽ പറക്കാൻ രാഷ്ട്രപതി തീരുമാനിച്ചിരുന്നെങ്കിലും ഇത് പിന്നീട് മാറ്റിവെക്കുകയായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇത് രണ്ടാം തവണയാണ് യുദ്ധവിമാനത്തിൽ പറക്കുന്നത്. സുഖോയ് 30 വിമാനത്തിലും രാഷ്ട്രപതി സഞ്ചരിച്ചിരുന്നു. 2023 ഏപ്രിൽ 8 നായിരുന്നു രാഷ്ട്രപതി സുഖോയ്–30 യുദ്ധവിമാനത്തിൽ പറന്നത്. അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്നായിരുന്നു അന്ന് രാഷ്ട്രപതി യുദ്ധവിമാനത്തിൽ പറന്നത്. പാക് അതിർത്തി പ്രദേശത്തിന് സമീപം ഇന്ത്യയുടെ സൈനികാഭ്യാസം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് രാഷ്ട്രപതിയുടെ ഈ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam