
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും നിയമ പോരാട്ടത്തിനൊരുങ്ങുന്നു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ, ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയപാർട്ടികളും എസ്ഐആർ നടപ്പാക്കുന്നതിനെ എതിർത്തു. അതേസമയം വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ അറിയിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും ഒന്നിച്ച് നടപ്പാക്കാനാകില്ല. പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ വളഞ്ഞ വഴിയാണെന്ന് എതിർത്തുകൊണ്ട് കോൺഗ്രസും സിപിഎമ്മും പ്രതികരിച്ചു.
എസ്ഐആർ നീട്ടിവയ്ക്കണമെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കത്തിനോ നിയമസഭ പാസ്സാക്കിയ പ്രമേയത്തിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു വിലയും കൽപ്പിച്ചില്ല. ഈ വാദങ്ങള്‍ അക്കമിട്ട് നിരത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തെ സിപിഎമ്മും കോൺഗ്രസും ശക്തമായി എതിര്‍ത്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്ഐആർ നീട്ടിവയ്ക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ദില്ലിയിൽ പോയി ആവശ്യപ്പെടണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും കേട്ട് എസ്ഐആർ നടപ്പാക്കുന്നതിൽ നിന്ന് പിന്മാറരുതെന്ന് ബിജെപി പ്രതികരിച്ചു. സിപിഎമ്മിന്റേയും കോൺഗ്രസിന്റെയും ആവശ്യം ദുരൂഹമാണെന്നും ബിജെപി ആരോപിച്ചു.
സുപ്രീംകോടതിയിലെ നിലവിലുള്ള കേസിൽ, കേരളത്തിൽ എസ്ഐആര്‍ നടപ്പാക്കുന്നത് ഉന്നയിക്കുന്നത് ആലോചിക്കുമെന്ന് സിപിഎം വ്യക്തമാക്കി. സംസ്ഥാന സർക്കാരും ഇടപെടണമെന്ന് കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്ന ആശങ്കൾക്ക് അടിസ്ഥാനമില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം.