കൽപ്പറ്റയിൽ സർക്കാർ നിർമ്മിച്ച വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ടി സിദ്ദിഖിനെ ഒരു വിഭാഗം കൂക്കിവിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ 178 വീടുകൾ കൈമാറുകയും പുനരധിവാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ചിലർ ശ്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു.
കൽപ്പറ്റ: സർക്കാരിന്‍റെ വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിൽ എംഎല്‍എ ടി സിദ്ദിഖിനെ കൂക്കിവിളിച്ച് ഒരു വിഭാഗം. സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളി. അതേസമയം, ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസിൽ നിന്ന് കയ്യടികളുമുണ്ടായി. തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി. സിപിഎം പ്രവർത്തകരാണ് കൂക്കിവിളിച്ചത്. ദുരന്തത്തിന് ഇരയായ ഒരാൾ പോലും തനിക്കെതിരെ അസ്വസ്ഥയുടെ ശബ്‍ദം ഉണ്ടാക്കില്ലെന്നാണ് ടി സിദ്ദിഖ് പ്രതികരിച്ചത്. ബാക്കിയുള്ളവരുടെ അസ്വസ്ഥത താൻ കണക്കാക്കുന്നില്ല. സർക്കാരിനോട് ചേർന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതർക്കായി പ്രവർത്തിച്ചത്. ഇനിയും ദുരന്ത ബാധിതർക്കായി പ്രവർത്തിക്കും. ഇന്നലെ 50ലധികം വീടുകൾ ദുരന്ത ബാധിതർക്കായി സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
178 വീടുകൾ കൈമാറി മുഖ്യമന്ത്രി
ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതർക്ക് കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷമാണ് ദുരന്തബാധിതർക്ക് പട്ടയം മുഖ്യമന്ത്രി വിതരണം ചെയ്തത്. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറൽ ആശുപത്രിയുടെ അനെക്സ് ബ്ലോക്കിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.
നല്ല പിന്തുണയാണ് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ലഭിച്ചത്. ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന ഭൂമിയുടെ പട്ടയവും ഇന്ന് കൈമാറും. സന്തോഷ ദിവസമാണെങ്കിലും വിട്ടു പിരിഞ്ഞവരുടെ ഓർമകൾ കൂടി ഉയർന്നുവരുകയാണ്. പല നഷ്ടങ്ങൾക്കും ഈ വീടുകള്‍ പകരമാവാൻ കഴിയില്ല. എന്നാൽ സാമീപ്യം കൊണ്ട് നഷ്ടത്തിൽ നിന്ന് ആളുകളെ പുറത്തുകൊണ്ടു വരാം. പാരസ്പര്യത്തിന്‍റെ കേരള മാതൃക എല്ലാവരും കണ്ടു. എന്നാൽ, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചു. ചില്ലിക്കാശ് പുനരധിവാസത്തിന് നൽകരുത് എന്ന് ചിലർ പറഞ്ഞു. മാധ്യമങ്ങൾ പോലും വ്യാജം ചമച്ച് പുനരധിവാസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. പുനരധിവാസത്തെ വൈരനിര്യാതന ബുദ്ധിയോടെ ചിലർ കണ്ടു. ലോകത്ത് കാണുന്ന യുദ്ധ നീതി പോലും കാണിച്ചില്ല. ഇതര സംസ്ഥാനങ്ങളും പുനരധിവാസത്തിന് സഹായം നൽകി. കർണാടക , ആന്ധ്ര സർക്കാരുകള്‍ 10 കോടി വീതം നൽകി. രാജസ്ഥാൻ അഞ്ചു കോടി നൽകി. കേന്ദ്രസർക്കാർ കടം എഴുതി തള്ളാൻ തയ്യാറായില്ല. ആ കടം കേരളം ഏറ്റെടുത്തു. കടം ഏറ്റെടുക്കാൻ പല തവണ സംസ്ഥാന സർക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. വയനാട് ടൗണ്‍ഷിപ്പിന്‍റെ നിർമാണ പ്രവർത്തനം ഏറ്റെടുത്ത ഊരാളുങ്കലിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


