
തിരുവനന്തപുരം: ക്ലീനിംഗ് തൊഴിലാളി ജോയിയെ കാണാതായ ആമയിഴഞ്ചാൻ തോട് വ്യത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷനും റെയിൽവേയും തമ്മിൽ തർക്കം. തോട് വ്യത്തിയാക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായെന്ന മേയർ ആര്യാ രാജേന്ദ്രന്റെ ആരോപണങ്ങൾ തളളിയ റെയിൽവേ എഡിആർഎം എം ആർ വിജി, റെയിൽവേയുടെ ഭാഗത്തുളള തോട് വൃത്തിയാക്കേണ്ടതിന്റെയും ചുമതല കോർപ്പറേഷനാണെന്ന നിലപാടിലാണ്.
റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണൽ വൃത്തിയാക്കാൻ കോർപറേഷൻ അനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും റെയിൽവേ മറുപടി നൽകിയില്ലെന്ന മേയർ ആര്യയുടെ ആരോപണം റെയിൽവേ തളളി. ഒരു തവണ പോലും കത്ത് തന്നിട്ടില്ലെന്ന നിലപാടിലാണ് റെയിൽവേ. അനുവാദം ചോദിച്ചിട്ടും നൽകിയില്ലെന്ന മേയർ ആര്യാ രാജേന്ദ്രന്റെ വാദം പച്ചക്കള്ളമാണെന്നും ഭാവിയിലും ടണൽ വൃത്തിയാക്കാൻ കോർപറേഷന് ഒരു തടസവും ഉണ്ടാവില്ലെന്നും റെയിൽവേ വിശദീകരിക്കുന്നു.
'റെയിൽവേയുടെ ഖര മാലിന്യം തോട്ടിൽ കളയുന്നില്ല. വെള്ളം മാത്രമേ ഒഴുകി വിടുന്നുളളു. 2015,2017,2019 വർഷങ്ങളിൽ കോർപ്പറേഷനാണ് ഈ ഭാഗം ക്ളീൻ ചെയ്തത്. ഇത്തവണ കോർപ്പറേഷൻ അസൗകര്യം പറഞ്ഞപ്പോൾ നല്ല ഉദ്ദേശത്തോടെ റെയിൽവേ ഏറ്റെടുത്തു'. ഖര മാലിന്യം പൂർണമായും ഒഴുകിയെത്താതിരിക്കാൻ പാഴ്‌സൽ ഓഫീസിന് സമീപമുള്ള കമ്പിവലയുടെ കണ്ണികൾ ചെറുതാക്കുമെന്നും റെയിൽവേ വിശദീകരിച്ചു.
എന്നാൽ റെയിൽവേയുടെ വാദം മേയർ ആര്യാ രാജേന്ദ്രൻ തളളി. പിറ്റ് ലൈനിന് താഴെയുള്ള മാല്യന്യങ്ങളുടെ ചുമതല റെയിൽവേയ്ക്ക് തന്നെയെന്ന് മേയർ മറുപടി നൽകി. റെയിൽവേ ഖരമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുന്നുവെന്ന വാദം ശരിയല്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ നഗരസഭയ്ക്ക് മുന്നിൽ തെളിയിക്കട്ടെ. ടന്നലിൽ റെയിൽവേയുടെ ഖരമാലിന്യം നിക്ഷേപിക്കുന്നത് ഇന്നലെ നടത്തിയ തെരച്ചിൽ തന്നെ തെളിഞ്ഞിരുന്നു. ഭാവിയിൽ മാലിന്യ സംസ്കരണം സംബന്ധിച്ച് റെയിൽവേ മറുപടി പറയേണ്ടി വരുമെന്നും ആര്യാരാജേന്ദ്രൻ മറുപടി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam