'എന്തു ചെയ്തു ഇത്ര നാള്‍', ഒരാളുടെ തിരോധാനം വേണ്ടിവന്നു മാലിന്യം നീക്കാൻ, രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ്

Published : Jul 14, 2024, 06:54 PM ISTUpdated : Jul 14, 2024, 07:03 PM IST
'എന്തു ചെയ്തു ഇത്ര നാള്‍', ഒരാളുടെ തിരോധാനം വേണ്ടിവന്നു മാലിന്യം നീക്കാൻ, രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ്

Synopsis

മാലിന്യനീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നു എന്നത് സങ്കടകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രക്ഷാപ്രവര്‍ത്തനം വിജയത്തിലെത്തട്ടെ. 

തിരുവനന്തപുരം: മാലിന്യനീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നു എന്നത് സങ്കടകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രക്ഷാപ്രവര്‍ത്തനം വിജയത്തിലെത്തട്ടെ. അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് മറുപടി പറയുന്ന മന്ത്രിയുടെ അലക്കിത്തേപ്പ് മഴക്കാല പൂര്‍വശുചീകരണത്തിലില്ല. പകര്‍ച്ച വ്യാധികള്‍ തടയാന്‍ നേരമില്ലാത്ത ആരോഗ്യമന്ത്രിയാണ് ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുന്നതെന്നും അദ്ദേഹം എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. 

 തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ വീണ ആളെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമം വിജയത്തില്‍ എത്തട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു. നഗരത്തിലെ മുഴുവന്‍ മാലിന്യവുമാണ് അവിടെ അടിഞ്ഞു കൂടിയിരിക്കുന്നത്. നിലവില്‍ സ്‌കൂബാ ഡൈവിങ് ടീമും റോബോട്ട്‌സും അവിടെ എത്തുകയും മാലിന്യങ്ങള്‍ ടണ്‍ കണക്കിന് നീക്കം ചെയ്തിട്ടുമുണ്ട്. ഇതിനെല്ലാം ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നു എന്നത് സങ്കടകരമാണ്.

മഴക്കാല പൂര്‍വ ശുചീകരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തദ്ദേശ മന്ത്രി പരിഹസിക്കുകയായിരുന്നു. അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് പ്രതിപക്ഷത്തെ പരിഹസിച്ച തദ്ദേശ മന്ത്രിയോട് ചോദിക്കാനുള്ളത്, നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു ഇത്ര നാള്‍ എന്നതാണ്. റെയില്‍വെയും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കമാണെന്നാണ് പറയുന്നത്. റെയില്‍വെ പറയുന്നു കോര്‍പറേഷന്‍ ചെയ്യണമെന്ന്. കോര്‍പറേഷന്‍ പറയുന്നു റെയില്‍വെയാണ് ചെയ്യേണ്ടതെന്ന്. റെയില്‍വെയും കോര്‍പറേഷനും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതു പരിഹരിക്കാനല്ലേ ഒരു സര്‍ക്കാരുള്ളത്. രണ്ട് കൂട്ടരുടെയും യോഗം വിളിച്ച് പരിഹാരത്തിന്‍ മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയാറായില്ല. ഈ കെടുകാര്യസ്ഥതയാണ് എല്ലായിടത്തും കാണുന്നത്. 

മഴക്കാല പൂര്‍വ ശുചീകരണം പരാജയപ്പെട്ടതിനാല്‍ എവിടെ മഴ പെയ്താലും വെള്ളം കെട്ടി നില്‍ക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നു. ശുദ്ധജല വിതരണത്തില്‍ വലിയ പാളിച്ചകളുണ്ടായി. പെരുമ്പാവൂരില്‍ പത്ത് ദിവസം ആശുപത്രിയില്‍ കിടന്ന അഞ്ജന എന്ന സ്ത്രീ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ആ പ്രദേശത്ത് മുഴുവന്‍ രോഗം വ്യാപിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്. സര്‍ക്കാരും തദ്ദേശ വകുപ്പും ആരോഗ്യവകുപ്പും ഒരു ഏകോപനവുമില്ലാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്. സങ്കടകരമായ അവസ്ഥയാണ് സംസ്ഥാനത്ത്. കെടുകാര്യസ്ഥത കൊണ്ട് നിഷ്‌ക്രിയമായ ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം സാധാരണക്കാരന്റെ ജീവിതത്തെ എത്രത്തോളം ദുസഹമാക്കിയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ കാണുന്നത്. 

തിരുവനന്തപുരം നഗരത്തിലെ ഒരു പ്രദേശത്ത് പത്ത് ദിവസമാണ് വെള്ളം കെട്ടിക്കിടന്നത്. മഞ്ഞപ്പിത്തവും കോളറയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പകരുകയാണ്. മന്ത്രി അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് മറുപടി പറയുമ്പോള്‍ ആ അലക്കിത്തേപ്പ് ഇവിടെയില്ല. ഇവിടെ മാലിന്യക്കൂമ്പാരമാണ്. ഇപ്പോള്‍ ചെയ്യുന്ന പണിയൊക്കെ നേരത്തെയും ചെയ്യാമായിരുന്നല്ലോ? യോഗം വിളിച്ചാല്‍ ശുചീകരണമാകില്ല. റെയില്‍വെയുടേത് അല്ലാതെയുള്ള സ്ഥലത്ത് ശുചീകരണം നടന്നിട്ടുണ്ടോ? റെയില്‍വെയുടെ മാത്രം മാലിന്യമല്ല ആമയിഴഞ്ചാന്‍ തോട്ടിലേക്ക് എത്തുന്നത്. കേരളത്തില്‍ ഒരിടത്തും മഴക്കാല പൂര്‍വശുചീകരണം നടന്നിട്ടില്ല. 

കഴിഞ്ഞ വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ ഒരു ഗഡു പദ്ധതി വിഹിതം മാത്രമാണ് നല്‍കിയത്. രണ്ടും മൂന്നും വിഹിതങ്ങള്‍ നല്‍കിയപ്പോള്‍ ട്രഷറി പൂട്ടി. എന്നിട്ടാണ് 80 ശതമാനം ചെലവാക്കണമെന്ന നിബന്ധന സര്‍ക്കാര്‍ വച്ചിരിക്കുന്നത്. ക്യാരി ഓവര്‍ ചെയ്തിരിക്കുന്ന തുക ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നും എടുക്കണമെന്നാണ് പറയുന്നത്. പണമില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍ എങ്ങനെ മഴക്കാല പൂര്‍വശുചീകരണം നടത്തും? 

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും ആരോഗ്യമന്ത്രി കാപ്പ കേസിലെ പ്രതിയ മാലയിട്ട് സ്വീകരിക്കുകയാണ്. വിവാദമായപ്പോള്‍ അയാള്‍ കാപ്പ കേസിലെ പ്രതിയല്ലെന്നാണ് മന്ത്രി പറയുന്നത്. അയാള്‍ കാപ്പ കേസിലെ പ്രതിയായിരുന്നു. അത് ലംഘിച്ചതിന്റെ പേരില്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ട ആളാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചതിന് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ആളെ വരെ മന്ത്രി മാലയിട്ട് സ്വീകരിച്ചു. കഞ്ചാവ് കേസിലെ പ്രതി ഉള്‍പ്പെടെ ക്രിമിനലുകളെ സിപിഎം റിക്രൂട്ട് ചെയ്യുകയാണ്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. 

അവര്‍ക്ക് ഒരു നിമിഷം തുടരാന്‍ അര്‍ഹതയില്ല. മന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം. 62 ക്രിമിനലുകളെ മാലയിട്ട് സ്വീകരിച്ചിട്ടും ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ന്യായീകരിക്കുകയാണ്. പകര്‍ച്ച വ്യാധികള്‍ തടയാന്‍ നേരമില്ലാത്ത മന്ത്രിയാണ് ക്രിമിനലുകളെ സ്വീകരിക്കുന്നത്. ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുന്നതാണോ മന്ത്രിയുടെ നിലപാട്? ഡല്‍ഹിയില്‍ അഴിമതിക്കാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അവര്‍ അഴിമതി വിരുദ്ധരാകും. കേരളത്തില്‍ ക്രിമിനലുകള്‍ സി.പി.എമ്മില്‍ ചേര്‍ന്നാല്‍ അവരെ വെള്ളപൂശും. രണ്ടിടത്തും ഒരേ കാര്യങ്ങളാണ് നടക്കുന്നത്. 

കോഴിക്കോട് പി.എസ്.സി അംഗത്വം കിട്ടാന്‍ മന്ത്രിയുടെയും എം.എല്‍.എയുടെയും പാര്‍ട്ടി നേതാക്കളുടെയും പേര് പറഞ്ഞ് പണം വാങ്ങി. പണം തിരിച്ച് നല്‍കി പാര്‍ട്ടി തന്നെ കേസ് ഒതുക്കിത്തീര്‍ക്കുകയാണ്. കോഴ വാങ്ങിയ സംഭവമെ ഇല്ലെന്ന പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും സി.പി.എം നേതൃത്വവും പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇങ്ങനെ ഒരു സംഭവമെ ഇല്ലെങ്കില്‍ എന്തിനാണ് ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായി പ്രമോദ് കോട്ടുളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്? പിഎസ്സി അംഗമാക്കാനല്ല ആയുഷിലേക്കുള്ള സ്ഥലം മാറ്റത്തിനാണ് പണം വാങ്ങിയതെന്നാണ് ഇപ്പോള്‍ പറയുന്നത്. 

ഹോമിയോ ഡോക്ടര്‍ക്ക് സ്ഥലം മാറ്റം കിട്ടാന്‍ 22 ലക്ഷമാണോ കേരളത്തിലെ റേറ്റ്? ഇതും ഒരു കുറ്റകൃത്യമല്ലേ. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും കയ്യില്‍ പരാതി കിട്ടിയിട്ട് എത്ര മാസമായി? പരാതി കിട്ടിയിട്ട് പൊലീസിന് നല്‍കിയോ? പാര്‍ട്ടി തന്നെയാണോ പൊലീസ് സ്റ്റേഷനും കോടതിയും? ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ പങ്കാളികളായ വമ്പന്‍മാര്‍ ഉള്ളതു കൊണ്ടാണ് ഇത് പാര്‍ട്ടിയില്‍ ഒതുക്കിത്തീര്‍ക്കുന്നത്. പാര്‍ട്ടി പണം നല്‍കിയാണ് കേസ് ഒതുക്കിത്തീര്‍ക്കുന്നത്. ചെറിയ സ്രാവിനെ ബലി നല്‍കി പാര്‍ട്ടിയിലെ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണ്. പി.എസ്.സി അംഗത്വം വരെ വില്‍പനയ്ക്ക് വയ്ക്കാന്‍ സി.പി.എമ്മിന് നാണമില്ലേ? എല്‍.ഡി.എഫിലെ ജനതാദള്‍ എസിലും എന്‍.സി.പിയിലും ഐ.എന്‍.എല്ലിലും സമാനമായ ആരോപണമുണ്ടായി. 

എല്ലാ ഘടകകക്ഷികളും കൂടി പി.എസ്.സിയെ വില്‍പനയ്ക്ക് വച്ചിരിക്കുകയാണ്. ഇത്രയും നാണംകെട്ട കാലം കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ? അഴിമതിയോട് അഴിമതിയാണ് നടക്കുന്നത്. മുകള്‍ത്തട്ട് മുതല്‍ താഴെ വരെ അഴിമതിയാണ്. മുകളിലുള്ളവര്‍ അഴിമതി നടത്തുന്നതു കൊണ്ടാണ് താഴെയുള്ളവരെ നിയന്ത്രിക്കാനാകാത്തത്. പ്രമോദ് കോട്ടുളി ഇവരുടെയൊക്കെ സന്തതസഹചാരിയല്ലേ? ഇവര്‍ ആരും അറിയാതെയാണോ പണം വാങ്ങിയത്? വേറെ ആര്‍ക്കും പങ്കില്ലെങ്കില്‍ എന്തുകൊണ്ടാണ് പരാതി വന്നപ്പോള്‍ പൊലീസിന് നല്‍കാതിരുന്നത്? വമ്പന്‍ സ്രാവുകളും ഈ കേസില്‍ പെട്ടിട്ടുണ്ട്. അവരുടെ പേരുകള്‍ പുറത്തുവരുമെന്ന് ഭയന്നാണ് പാര്‍ട്ടി പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയത്. പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയുമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ കുറ്റകൃത്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയാണ്. രണ്ടു തരം പൗരന്‍മാരാണ് കേരളത്തിലുള്ളത്. യു.ഡി.എഫുകാര്‍ക്കെതിരെയായിരുന്നെങ്കില്‍ ഇല്ലാത്ത സംഭവങ്ങളില്‍ വരെ കേസെടുക്കും. 

പത്തനംതിട്ടയില്‍ ക്രിമിനലുകളെ മന്ത്രി സ്വീകരിച്ചതിലും കോഴിക്കോട്ടെ കോഴയിലും സി പി എമ്മിനെ ജനങ്ങള്‍ക്ക് മുന്നില്‍ തൊലിയുരിച്ച് കാണിക്കും. ഞങ്ങള്‍ ജനങ്ങളിലേക്ക് പോകുകയാണ്. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ തനിനിറം എന്താണെന്ന് സാധാരണക്കാര്‍ക്ക് മുന്നില്‍ തുറന്നു കാട്ടും. ബാര്‍ കോഴയുമായി ബന്ധപ്പെട്ട സമരവുമായും യു.ഡി.എഫ് മുന്നോട്ട് പോകും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നല്‍കിയ പരാതിയിലും ഇതുവരെ കേസെടുത്തിട്ടില്ല. ആര് അഴിമതി നടത്തിയാലും പുറത്തുവരണം. ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളില്‍ ഒന്നും ചെയ്യാന്‍ നേരമില്ലാത്തവര്‍ അഴിമതി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസ്; പ്രതികള്‍ ചെയ്തത് ഗുരുതര കുറ്റം, ജാമ്യാപേക്ഷ കോടതി തള്ളി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ നിർണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്
Malayalam News Live: ഇറാനെതിരെയുള്ള ആക്രമണം - യുദ്ധം പൂർത്തിയായെന്ന് ആദ്യം പറഞ്ഞു, പിന്നാലെ യുദ്ധം തുടരുമെന്നും; ആശങ്കയിലാക്കി ട്രംപിന്റെ പരസ്പര വിരുദ്ധ പ്രസ്താവനകൾ