സന്തോഷ വാർത്ത പങ്കുവെച്ച് കൊടിക്കുന്നിൽ; പാലരുവി എക്സ്പ്രസും മധുര – ഗുരുവായൂർ എക്സ്പ്രസും എൽഎച്ച്ബി കോച്ചുകളാകുന്നു

Published : Jul 16, 2026, 11:26 AM IST
Palaruvi Express LHB Coach

Synopsis

കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് പ്രധാന ട്രെയിനുകൾ എൽഎച്ച്ബി കോച്ചുകളാകുന്നു. പാലരുവി എക്സ്പ്രസും മധുര – ഗുരുവായൂർ എക്സ്പ്രസും ആണ് ആധുനിക എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.

മാവേലിക്കര: പാലരുവി എക്സ്പ്രസും മധുര – ഗുരുവായൂർ എക്സ്പ്രസും ആധുനിക എൽഎച്ച്ബി കോച്ചുകളാകുന്നു. ജൂലൈ 20 മുതൽ പാലരുവി എക്സ്പ്രസും ജൂലൈ 26 മുതൽ മധുര – ഗുരുവായൂർ എക്സ്പ്രസും എൽഎച്ച്ബി കോച്ചുകളുമായി സർവീസ് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. മാവേലിക്കര മണ്ഡലത്തിലെയും മധ്യകേരളത്തിലെയും ആയിരക്കണക്കിന് യാത്രക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയാണിതെന്നും തന്റെ നിരന്തര ഇടപെടലുകളുടെയും ആവശ്യപ്പെടലുകളുടെയും ഫലമായാണ് ഇരു ട്രെയിനുകളും എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നതെന്നും എംപി അറിയിച്ചു.

കൂടുതൽ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്ന ഈ മാറ്റം യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഒന്നാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. അതോടൊപ്പം ദീർഘദൂര യാത്രക്കാരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് പാലരുവി എക്സ്പ്രസിൽ ഒരു തേർഡ് എസി കോച്ച് കൂടി ചേർക്കുമെന്നും എംപി പറഞ്ഞു.

നേരത്തെ ഇരു ട്രെയിനുകളും കേരളത്തിന് ലഭ്യമാക്കിയത് തന്റെ ഇടപെടൽ മൂലമായിരുന്നു എന്നും റെയിൽവേ മന്ത്രാലയവുമായി നടത്തുന്ന തുടർച്ചയായ ഇടപെടലുകളുടെ മറ്റൊരു ഫലമായാണ് ഇപ്പോഴത്തെ നേട്ടമെന്നും എംപി പറഞ്ഞു. അമൃത എക്സ്പ്രസിനും എൽഎച്ച്ബി കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതും എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിനുള്ള ഇടപെടലുകൾ ശക്തമായി തുടരുകയാണ്. ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിന്നുകൊണ്ട് കേരളത്തിന്റെ റെയിൽവേ വികസനത്തിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി തന്റെ ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

എന്താണ് എൽഎച്ച്ബി കോച്ചുകൾ?

പഴയ നീല നിറത്തിലുള്ള ഐസിഎഫ് കോച്ചുകൾക്ക് പകരം, ഇന്ത്യൻ റെയിൽവേ ഉപയോഗിച്ചുവരുന്ന അത്യാധുനിക കോച്ചുകളാണ് എൽഎച്ച്ബി (Linke Hofmann Busch) കോച്ചുകൾ. ജർമ്മൻ സാങ്കേതികവിദ്യയിൽ രൂപകൽപ്പന ചെയ്ത ഈ കോച്ചുകൾ നിലവിൽ ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. അപകടമുണ്ടായാൽ കോച്ചുകൾ ഒന്നിനുമുകളിൽ മറ്റൊന്നായി കയറുകയോ തകരുകയോ ഇല്ല എന്നത് എൽഎച്ച്ബി കോച്ചുകളുടെ പ്രത്യേകതയാണ്. കൂടാതെ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. ആധുനിക ബ്രേക്കിങ് സംവിധാനം, മെച്ചപ്പെട്ട യാത്രാസുഖം, ഭാരം കുറവ് തുടങ്ങിയവ എൽഎച്ച്ബി കോച്ചുകളുടെ സവിശേഷതയാണ്. രാജധാനി, ശതാബ്ദി, വന്ദേ ഭാരത് തുടങ്ങിയ പ്രമുഖ ട്രെയിനുകളിലെല്ലാം എൽഎച്ച്ബി കോച്ചുകളാണ് ഉപയോഗിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീണ്ടും ഒളിച്ചുകളിച്ച് പിഎസ്‍സി, വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിച്ചില്ല, പരാതിക്കാരനായ ഉദ്യോ​ഗാർത്ഥികളുടെ ആവശ്യം തള്ളി
വാണിയംകുളം തിരോധാനം; കുടുംബം പലിശയ്ക്ക് വലിയ തുക വാങ്ങി? തുമ്പില്ലാതെ പൊലീസ് അന്വേഷണം