ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

By Web TeamFirst Published Apr 20, 2022, 6:50 AM IST
Highlights

ശ്രീനിവാസൻ വധക്കേസിൽ പ്രതികളെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി. പ്രതികൾ നഗരം വിട്ട് പോയെന്നാണ് കണ്ടെത്തൽ. 

പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ വധക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും ഇതോടൊപ്പം നൽകും. പ്രതികളായ രമേശ്, ശരവൺ, ആറുമുഖൻ എന്നിവരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം, ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതികളെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി. പ്രതികൾ നഗരം വിട്ട് പോയെന്നാണ് കണ്ടെത്തൽ. 

ശ്രീനിവാസന്റെ കൊലപാതകം കേന്ദ്ര ഏജൻസി  അന്വേഷിക്കണമെന്ന ആവശ്യം  ബിജെപി ശക്തമാക്കിയിട്ടുണ്ട് .ഈ മാസം 29 ന് ആഭ്യന്തമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോൾ ഇക്കാര്യം ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനം. ശ്രീനിവാസനെ  കൊലപെടുത്തിയ സംഘത്തിലെ ഒരാളെ  പേലും ഇതുവരെ പിടികൂടാനാവാത്ത സാഹചര്യത്തിലാണ് ബിജെപിയുടെ ഈ നീക്കം. 

ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ പാലക്കാട് നഗര മധ്യത്തിലെ മേലാ റിയിലെ കടയിലെത്തി ആറംഗ സംഘം ക്രൂരമായി കൊലപെടുത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും  ഒരാളെ പോലും പിടികൂടാനാവാത്തതിൽ ആർഎസ്എസ്- ബിജെപി നേതൃത്വം കടുത്ത അമർഷത്തിലാണ്.  ഇതുൾപ്പടെയുള്ള കാരണം ചൂണ്ടിക്കാട്ടി സർവകക്ഷി സമാധാന യോ​ഗത്തിൽ നിന്നിറങ്ങിപ്പോയ ബി ജെ പി നേതാക്കൾ കേന്ദ്ര ഏജൻസി  അന്വേഷണമെന്ന ആവശ്യം ശക്തമാക്കുകയാണ്. 29 നു കേരളത്തിലെത്തുന്ന അമിത്ഷായെ സാഹചര്യം ധരിപ്പിക്കുമെന്ന് ശ്രീനിവാസന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം കുമ്മനം രാജശേഖരൻ പറഞ്ഞു. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നായിരുന്നു ബിജെപി നേതാവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയുടെ പ്രതികരണം.

പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ സംസ്ഥാന പൊലീസ് നിലവിൽ നടത്തുന്ന അന്വേഷണം തികച്ചും ഏകപക്ഷീയമെന്ന വിമർശനമാണ് ബി ജെ പി ക്കുള്ളത്. സുബൈർ വധക്കേസിന്റെ പേരിൽ ബി ജെ പി നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുവെന്ന പരാതിയും പാർട്ടിക്കുണ്ട്. സർക്കാർ നടത്തുന്ന സമാധാന ശ്രമങ്ങളുമായി സഹകരിക്കുന്നതടക്കമുള്ള കാര്യത്തിൽ അന്വേഷ പുരോഗതി വിലയിരുത്തിയായും പാർട്ടി തീരുമാനം.

click me!