
ദില്ലി: ഇൻഡിഗോ വിമാന സര്‍വീസ് കൂട്ടത്തോടെ റദ്ദാക്കിയതിൽ ടിക്കറ്റ് റീഫണ്ട് നൽകിയതിന്‍റെ കണക്ക് വ്യോമയാന മന്ത്രാലയം പുറത്തുവിട്ടു. ഡിസംബർ ഒന്നു മുതൽ ഏഴു വരെയുള്ള 5,86,705 ബുക്കിങ്ങുകളുടെ തുകയാണ് ഏറ്റവും ഒടുവിലായി തിരിച്ചു നൽകിയത്. ഈയിനത്തിൽ 569.65 കോടി രൂപയാണ് തിരികെ നൽകിയതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നവംബർ 21 മുതൽ ഡിസംബർ ഏഴു വരെ 9,55,591 ബുക്കിങ്ങുകളുടെ റീഫണ്ട് തുകയായി 827 കോടി രൂപയാണ് ആകെ യാത്രക്കാർക്ക് തിരികെ നൽകിയെന്നും മന്ത്രാലയം അറിയിച്ചു. 4500 ബാഗേജുകൾ യാത്രക്കാർക്ക് തിരികെ നൽകി. ബാക്കിയുള്ള ബാഗേജുകൾ അടുത്ത 36 മണിക്കൂറിനുള്ളിൽ തിരികെ നൽകും. അതേസമയം, ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രി പാര്‍ലമെന്‍റില്‍ അറിയിച്ചു. നടപടി മറ്റ് വിമാന കമ്പനികള്‍ക്ക് കൂടി പാഠമാകുമെന്നും മന്ത്രി റാം മോഹന്‍ നായിഡു രാജ്യസഭയില്‍ മുന്നറിയിപ്പ് നല്‍കി. ഏഴാം ദിവസവും യാത്രക്കാരെ വലിച്ച് 600ലധികം വിമാന സർവീസുകൾ ഇൻഡിഗോ ഇന്നും റദ്ദാക്കി.
ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ച പ്രതിസന്ധിക്ക് ഉത്തരവാദി ഇന്‍ഡിഗോ വിമാന കമ്പനി മാത്രമാണെന്നാണ് വ്യോമയാന മന്ത്രി ഇന്ന് പാർലമെന്റിനെ അറിയിച്ചത്. നവംബർ ഒന്നു മുതൽ നിലവിൽ വന്ന രണ്ടാംഘട്ട എഫ്ഡി ടി എൽ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ വിമാന കമ്പനികൾക്ക് മതിയായ സമയം നൽകിയിരുന്നു. ഡിസംബർ ഒന്നിനും ഇൻഡിഗോയുമായി ചർച്ച നടത്തി പക്ഷേ ചർച്ചയിൽ പ്രതിസന്ധിയെക്കുറിച്ച് ഇൻഡിഗോ പരാമർശിച്ചില്ല. മൂന്നാം തീയതി യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രതിസന്ധി തുടങ്ങി. അന്വേഷണം തുടരുകയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഓർമിപ്പിച്ചു. ഇൻഡിഗോക്കെതിരെ ഉണ്ടാകുന്ന നടപടി മറ്റ് വിമാന കമ്പനികൾക്കും പാഠമാകുമെന്ന മുന്നറിയിപ്പും മന്ത്രി നൽകി. മന്ത്രിയുടെ വിശദീകരണത്തോടെ ഇൻഡിഗോ സി ഇ ഓ പീറ്റര്‍ എല്‍ബേഴ്സിനെ നീക്കുമെന്ന കേന്ദ്ര നിലപാട് കൂടുതൽ വ്യക്തമാവുകയാണ്. അതേസമയം, ഇൻഡിഗോയ്ക്ക് ഡിജിസിഎ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നല്‍കാന്‍ നീട്ടി നല്‍കിയ സമയം ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം ആറു മണിക്ക് മുൻപ് മറുപടി നൽകണമെന്നാണ് നിർദ്ദേശം.
അതേസമയം, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സർക്കാർ സമയബന്ധിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിഷയം കോടതി പരിഗണിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയത്. യാത്രക്കാരെ വലച്ച് ഇന്നും അറുനൂറിൽ അധികം വിമാന സർവീസുകൾ റദ്ദാക്കി. ദില്ലിയിലാണ് ഇന്ന് ഏറ്റവും അധികം സർവീസുകൾ റദ്ദാക്കിയത്. 134 ഇൻഡിഗോ സർവീസുകളാണ് ദില്ലിയിൽ റദ്ദാക്കിയത്. ബെംഗളൂരുവിൽ 127ഉം, ഹൈദരാബാദിൽ 112ഉം, ചെന്നൈയിൽ 71 വിമാന സർവീസുകളും റദാക്കി. തിരുവനന്തപുരത്ത് അഞ്ച് ആഭ്യന്തര സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam