
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 15 പേർക്ക് കൂടി ഷിഗെല്ലയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 13,747 പനി ബാധിതരുണ്ട്.
നിപ രോഗബാധിതന്‍റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 11 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെതുടർന്നാണിത്. നിപ രോഗബാധിതൻ്റെ സമ്പക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ട 4 പേരും, ഉയർന്ന ഭാഗത്തിൽപ്പെട്ട 14 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലാണ്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ ചികിത്സ തുടരുന്നു. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 51 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.
സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 91 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കി.
സംസ്ഥാനത്ത് ഇന്ന് 15 ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളിലാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. കോഴിക്കോട്-8, മലപ്പുറം 3, വയനാട് 2, കണ്ണൂർ, കൊല്ലം ജില്ലകളില്‍ 1 വീതം എന്നിവടങ്ങളിലാണ് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 165 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 241 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (57), വയനാട് (22), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂർ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam