സംസ്ഥാനത്ത് എച്ച്1എൻ1 അടക്കം ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം വർധിക്കുമ്പോൾ, ഇൻഷുറൻസ് കമ്പനികൾ ചികിത്സാ തുക നിഷേധിക്കുന്നതായി പരാതി. ആശുപത്രികൾ അധിക തുക ഈടാക്കുന്നുവെന്ന് കമ്പനികൾ വാദിക്കുമ്പോൾ, ഇതിനിടയിൽ രോഗികൾ സാമ്പത്തികമായി ദുരിതത്തിലാവുകയാണ്.

കൊച്ചി: സംസ്ഥാനത്ത് എച്ച്1എൻ1 ഉൾപ്പടെ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം കുത്തനെ ഉയരുമ്പോൾ ഗുരുതര അവസ്ഥയിൽ ചികിത്സ തേടുന്നവർക്ക് വരെ ഇൻഷുറൻസ് തുക അനുവദിക്കുന്നില്ലെന്ന് പരാതി. പനി വന്നാൽ ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യമില്ലെന്ന കാരണം പറഞ്ഞാണ് ഇൻഷുറൻസ് കമ്പനികൾ രോഗികൾക്ക് തുക നിഷേധിക്കുന്നത്. മെഡിക്കൽ ഇതര ബില്ലുകൾ കൂട്ടിചേർത്ത് ആശുപത്രികൾ അധിക തുക ഈടാക്കുന്നതാണ് വെട്ടിച്ചുരുക്കലിന് കാരണമെന്നാണ് ഇൻഷുറൻസ് കമ്പനികളുടെ വാദം.

കടുത്ത പനിക്ക് ദിവസങ്ങൾക്ക് ശേഷവും ശരീരവേദനയും ക്ഷീണവും വിട്ടൊഴിഞ്ഞിട്ടില്ല ബുഷ്റയ്ക്ക്. കഴിഞ്ഞ ആഴ്ചയാണ് രണ്ട് മക്കൾക്കൊപ്പം ബുഷ്റ ആശുപത്രിയിൽ അഡ്മിറ്റായത്. എച്ച്1എൻ1 എന്ന് സ്ഥിരീകരണം. ബുഷ്റ എട്ട് ദിവസവും ഇളയ മകൾ ആറ് ദിവസവും ഇവരെ പരിചരിക്കാനായി എത്തിയ മകളും രണ്ട് ദിവസം ഐസോലേഷൻ വാർഡിൽ അഡ്മിറ്റായി. മൂന്ന് പേർക്കും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പോളിസിയുണ്ട്. എന്നാൽ ഡിസ്ചാർജായപ്പോൾ മകളുടെ മുഴുവൻ ബില്ല് ഇൻഷുറൻസ് കമ്പനി തള്ളി. മെഡിക്കൽ ഇതര ചിലവെന്ന് ചൂണ്ടിക്കാട്ടി ബുഷൈറയുടെയും ഇളയമകളുടെയും ബില്ലില്ലും വെട്ട്. ആശുപത്രിയിൽ പണമടക്കാൻ ആരുടെയും ആശ്രയം ഇല്ലാതെ പനിക്കോളിൽ നിന്ന് ഉരുകി ബുഷ്റ.

ആശുപത്രി വരാന്തയിൽ വെച്ച് ബുഷ്റയുടെ സങ്കടം തൊട്ടടുത്ത് നിന്ന് കണ്ടതാണ് മീര. 65 വയസ്സുള്ള അമ്മയ്ക്കൊപ്പമാണ് എച്ച് വൺ എൻ വൺ മീരക്കും ബാധിച്ചത്. കൂടെ അഞ്ച് വയസ്സുള്ള മകളും. ആശുപത്രിയിൽ രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് ഇൻഷുറൻസ് നൽകാനാകില്ലെന്ന് നിവ ബൂപ കമ്പനിക്ക് അറിയിക്കുന്നത്. ഉടൻ ഡിസ്ചാർജ്ജ് വാങ്ങി. മീരയുടെ മാത്രം ബില്ല് 31,000 രൂപ. ആശുപത്രിയുടെ റിപ്പോർട്ട് പ്രകാരം കിടത്തി ചികിത്സ ആവശ്യമില്ലെന്ന കാരണം പറഞ്ഞാണ് മീരയ്ക്ക് ഇൻഷുറൻസ് നിഷേധിച്ചത്.

രോഗികൾക്ക് നൽകിയ ചികിത്സ വിവരങ്ങൾ ഇൻഷുറൻസ് കമ്പനികളെ ബോധിപ്പിക്കുന്നതിൽ വീഴ്ച വന്നിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ കിടത്തി ചികിത്സക്ക് തുക അനുവദിക്കാൻ ഉതകുന്ന രേഖകൾ ആശുപത്രിയിൽ നിന്ന് കിട്ടിയിട്ടില്ലെന്ന് ഇൻഷുറൻസ് കമ്പനികൾ പറയുന്നു. ഇതിനിടയിൽ നിന്ന് നട്ടം തിരിയുകയാണ് രോഗികൾ.

YouTube video player