Latest Videos

'വേദന കൂടി മൂക്കിലൂടെ ചോര വന്നു, എന്നിട്ടും ചികിത്സ കിട്ടിയില്ല'; ദുരനുഭവം പങ്കുവെച്ച് ഭിന്നശേഷിക്കാരൻ

By Web TeamFirst Published Apr 22, 2024, 10:06 AM IST
Highlights

വീൽ ചെയറിൽ ഇരിക്കാൻ കഴിയാത്ത വേദനയാണെന്ന് പറഞ്ഞിട്ടും ക്യൂ നിന്ന് ഡോക്ടറെ കണ്ട് മരുന്ന് എഴുതിവാങ്ങാൻ നഴ്സ് പറഞ്ഞതായി യുവാവ്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ നേരിട്ട അവഗണന വിശദീകരിച്ച് ഭിന്നശേഷിക്കാരനായ അനീഷ് പുനലൂർ. വീണ് മുറിവേറ്റാണ് അനീഷ്  ആശുപത്രിയിൽ എത്തിയത്. ശരീരം നെഞ്ചിന് താഴേയ്ക്ക് തളര്‍ന്നുപോയ ആളാണ് അനീഷ്. വീൽ ചെയറിൽ ഇരിക്കാൻ കഴിയാത്ത വേദനയാണെന്ന് പറഞ്ഞിട്ടും ക്യൂ നിന്ന് ഡോക്ടറെ കണ്ട് മരുന്ന് എഴുതിവാങ്ങാനേ കഴിയൂ നഴ്സ് പറഞ്ഞതായി അനീഷ് കുറിച്ചു. ഏറെനേരം കഴിഞ്ഞിട്ടും ചികിത്സ കിട്ടിയില്ല. വേദന കൂടി മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നുവെന്ന് അനീഷ് പറയുന്നു. 

ഒടുവിൽ വേറെ വഴിയില്ലാതെ സുഹൃത്തായ ഡോക്ടറെ വിളിച്ച് അദ്ദേഹം പറഞ്ഞ ഗുളിക വാങ്ങി കഴിച്ചു വീട്ടിലേക്ക് പോയെങ്കിലും കിടക്കാനോ ഇരിക്കാനോ ഒന്നും കഴിയാത്തത്ര വേദനയാണെന്ന് അനീഷ് പറയുന്നു. വേറെ ഗതിയില്ലാത്തതു കൊണ്ടാണ് സർക്കാർ ആശുപത്രിയിൽ പോയത്. നിങ്ങളുടെ മഹത്തായ സേവനത്തിന് നന്ദിയുണ്ടെന്ന് പറഞ്ഞാണ് അനീഷ് കുറിപ്പ് അവസാനിപ്പിച്ചത്. 

കുറിപ്പിന്‍റെ പൂർണരൂപം 

ഒരല്‍പ്പം ദയ ആകാം പുനലൂര്‍  താലൂക്കാശൂപത്രിയിലെ  തമ്പ്രാന്‍മാരെ... ഇന്നത്തെ എന്‍റെ  അനുഭവം ആണ്...

ഭിന്നശേഷിക്കാരനാണ്. ശരീരം  നെഞ്ചിന്  താഴേയ്ക്ക്  തളര്‍ന്നുപോയവനാണ്. ആ  പരിഗണന പോലും  ചോദിക്കാറില്ല ഏത്  ആശുപത്രിയില്‍ പോയാലും  പരമാവധി   ഊഴം കാത്തുനിന്നിട്ടുണ്ട്. പുനലൂര്‍  താലൂക്ക് ആശുപത്രിയില്‍ ഇത് ആദ്യമായല്ല. പലപ്പോഴും അവഗണനയാണ് കിട്ടാറുള്ളത്. ഒരു ഗതിയുണ്ടെങ്കില്‍ അവിടെ കയറുകയില്ല.

കഴിഞ്ഞ ദിവസം ഒന്ന്  വീണു ശരീരം കുറെ മുറിഞ്ഞു. വീഴ്ചയില്‍ ശരീരം ഒരുപാട് മോശമായി. വേറെ ചില ആശുപത്രികളിലും ഡോക്ടര്‍മാരേയും കണ്ടു ചികിത്സിക്കുകയാണ്. ഇപ്പോള്‍ വേദന സഹിക്കാന്‍ കഴിയാതെ മൂക്കിലൂടെയുള്ള രക്തംവരവ് വല്ലാതെ കൂടി. വീഴ്ചയില്‍ പറ്റിയ മുറിവുകള്‍ അല്‍പ്പം പ്രശ്നമായി. പതിവുപോകാറുള്ള ആശുപത്രിയിലോ മറ്റോ പോകാന്‍ ഉള്ള മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ ഇന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോയി.

ഒരൊറ്റ കിടക്കയില്ല. വീല്‍ചെയറില്‍ ഇരിക്കാന്‍ കഴിയാത്തതത്ര വയ്യായ്ക. ആയതിനാല്‍ ഓട്ടോയില്‍ തന്നെയിരുന്നു കുറെ സമയം കഴിഞ്ഞ് ഒരു കട്ടില്‍ കിട്ടി. പയ്യന്‍ എന്നെ എടുത്ത് കിടത്തിയിട്ട് ഡോക്ടറെ കാണാന്‍ പോയി. ഒരൊറ്റ ഡോക്ടര്‍  മാത്രം ആണ്  ഉള്ളതെന്ന് അറിയാന്‍ കഴിഞ്ഞത്. അവിടെ പിന്നെയും കുറെ സമയം കിടന്നു.

ഒരു സിസ്റ്റര്‍ വന്നപ്പോള്‍ ഞാന്‍ കാര്യം  പറഞ്ഞു. ഡോക്ടര്‍ ഇങ്ങോട്ട് വരില്ലത്രേ. അവര് ഇരിക്കുന്നതിനടുത്ത് എത്തണം. നിവര്‍ന്നിരിക്കാന്‍ കഴിയാത്തോണ്ട് വാവിട്ട് കാര്യം പറഞ്ഞു. ആ സിസ്റ്റര്‍  അല്‍പ്പം ദയ കാണിച്ചുവെന്ന്  പറയാം. മിഷ്യന്‍ കൊണ്ടുവന്ന്  ബീപ്പിയും മറ്റും നോക്കി. ടിക്കറ്റുമായ് പോയി മരുന്ന് എഴുതി വാങ്ങിയാല്‍, രണ്ട് ഇന്‍ജക്ഷന്‍ എടുത്താല്‍ ഞാന്‍ ഒരുവിധം ശരിയാകും. പക്ഷേ ആശുപത്രിയുടെ മൊതലാളിമാരില്‍പ്പെടുന്ന സെക്യൂരിറ്റി സേറുമാർ പയ്യനെ കടത്തിവിട്ടില്ല. പിന്നെയും കുറെ സമയം കിടന്നു.

വേദന കൂടി മൂക്കിലൂടെ ചോര വരാന്‍ തുടങ്ങി. മറ്റൊരു സിസ്റ്ററോട് കാര്യം വീണ്ടും പറഞ്ഞു. ഭയങ്കര ആളാണ്. നിരയില്‍ നിന്ന് ഡോക്ടറെ കണ്ട് മരുന്ന് എഴുതിവാങ്ങുകയേ പറ്റൂവെന്നുപറഞ്ഞ് അവര്‍ പോയി. പിന്നെയും അല്‍പ്പ സമയം കിടന്നു. ശരീരം പിണങ്ങി തുടങ്ങി. മൂക്കിലൂടെയും ചെവിയിലൂടെയും ചോര പൊടിഞ്ഞിറങ്ങാന്‍  തുടങ്ങി. പയ്യന്‍ വീണ്ടും പോയി നോക്കി. അവസ്ഥ അതുതന്നെ. പയ്യനോട്  വണ്ടിയിലാക്കാന്‍ പറഞ്ഞു. പുറത്തിറങ്ങി സുഹൃത്തായ  ഡോക്ടറെ  വിളിച്ചു അദ്ദേഹം പറഞ്ഞ ഗുളിക വാങ്ങി കഴിച്ചു വീട്ടിലേയ്ക്ക്  കേറി. കിടക്കാനോ ഇരിക്കുവാനോ ഒന്നും കളിയാത്തത്ര  വേദനയും വയ്യായ്കയും. വീണ്ടും ഗുളിക കഴിച്ചു  കിടന്നു.

ഡോക്ടറെ വിളിച്ചപ്പോള്‍ എത്രയും വേഗം മെഡിക്കലില്‍ ഒന്നൂടി പോകാന്‍. പത്തോ ആയിരം രൂപയോ കൈയ്യില്‍ ഉണ്ടെങ്കില്‍ പതിവ്  ഇന്‍ജക്ഷന്‍ എടുക്കാന്‍ സ്ഥിരം പോകുന്ന ആശുപത്രി വരെയെങ്കിലും പോകാം. അതിനും ഗതിയില്ലാത്തോണ്ടാണ് പുനലൂര്‍ ആശുപത്രിയില്‍ കയറിയത്.  വാവിട്ട് പറഞ്ഞതാണല്ലോ സ്വയം എഴുന്നേറ്റ് നടക്കാന്‍ മേല്ലാത്തതാണ്, ശരീരം മൊത്തം ചോരയാണ് എന്നൊക്കെ. നന്ദിയുണ്ട് നിങ്ങളുടെ മഹത്തായ സേവനത്തിന് പെരുത്ത നന്ദിയുണ്ട്.

 

click me!