വാളയാറിലെ ഇളയകുട്ടിയുടെ ശരീരത്തിൽ മുറിപ്പാട് ഉണ്ടായിരുന്നു: അട്ടിമറി വെളിവാക്കി ഇൻക്വസ്റ്റ് റിപ്പോർട്ട്

By Web TeamFirst Published Oct 30, 2019, 9:25 AM IST
Highlights

ഇളയകുട്ടിയുടെ ശരീരത്തിൽ മുറിപ്പാട് ഉണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. അസ്വഭാവികതകൾ മുറിയിൽ ഇല്ലെന്ന് മഹസർ. ഒന്നിലും അന്വേഷണം നടത്താതെ പൊലീസ്.

പാലക്കാട്: വാളയാറിൽ മരിച്ച പെൺകുട്ടികളിൽ ഇളയ ആളുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. വലതുഭാഗത്തെ കക്ഷത്തിന്  ചുറ്റുമായി മുറിപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ ഇത്തരമൊരു മുറിവിനെ പറ്റി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ പരാമർശമില്ല. പെൺകുട്ടി മരിച്ച സമയം മുറിക്കുള്ളിൽ കട്ടിലിനു മുകളിൽ രണ്ട് കസേരകൾ ഒന്നിനു മുകളിൽ ഒന്നായി  വെച്ചിരുന്നുവെന്ന സംഭവ സ്ഥലത്തെ മഹസറിന്റെ പകർപ്പും പുറത്തു വന്നു. അസ്വാഭാവികമായ മറ്റൊന്നും  മുറിയിൽ ഉണ്ടായിരുന്നില്ലെന്നും മഹസറിൽ ഉണ്ട്. എന്നാൽ ഇത് ആസൂത്രിതമായ കൊലപാതകത്തിന്റെ സൂചനകളാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയില്ലെന്നതും തുടക്കം മുതൽ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണത്തിന് ശക്തി പകരുകയാണ്. ഇരു റിപ്പോർട്ടിന്റെയും പകർപ്പുകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഇളയകുട്ടിയുടെ ശരീരത്തിൽ മുറിപ്പാട് ഉണ്ടായിരുന്നുവെന്ന റിപ്പോർട്ട് ഉണ്ടായിട്ടും മരണത്തിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. കുട്ടിയുടേത് ആത്മഹത്യയല്ല, മറിച്ച് കൊലപാതകം എന്ന് ബന്ധുക്കൾ ആരോപിച്ചിട്ടും ഈ അസ്വഭാവികതകൾക്ക് വേണ്ടത്ര പരിഗണന നൽകാനോ അന്വേഷിക്കാനോ ഉദ്യോഗസ്ഥർ തയ്യാറായില്ല. മൂന്ന് മീറ്റർ നീളമുള്ള ഉത്തരത്തിലാണ് ഇളയകുഞ്ഞ് തൂങ്ങി മരിച്ചത്. 132 സെന്റീമീറ്റർ മാത്രം ഉയരമുള്ള കുട്ടിയ്ക്ക് ഇതിന് കഴിയില്ല എന്ന വസ്തുതയും കേസിൽ എവിടെയും പരിഗണിച്ചിട്ടില്ല. ഇതോടെ ഇളയകുട്ടിയുടെ മരണത്തിലും ദുരൂഹതകൾ വീണ്ടും ഏറുകയാണ്.

വാളയാറിൽ മരിച്ച മൂത്ത കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് കുറ്റപത്രത്തിൽ ഉണ്ടായിരുന്നു. 2016 ഏപ്രിൽ മാസം മുതൽ വാളയാറിൽ ആത്മഹത്യ ചെയ്തെന്ന് കരുതപ്പെടുന്ന മൂത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് കുറ്റപത്രത്തിൽ ഉണ്ടായിരുന്നു. ലൈംഗിക പീഡനവും ബലാത്സംഗവും കുട്ടി മരിച്ച 2017 ജനുവരി 17 വരെ നീണ്ടുനിന്നതായും കുറ്റപത്രത്തിലുണ്ട്. പെൺകുട്ടിയുടെ വീട്ടിലും വല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വച്ച് പീഡനം നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

എന്നാൽ മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നില്ല. അതേസമയം പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടുവെന്ന് രണ്ടാനച്ഛന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിൽ നിന്നും രക്ഷനേടാൻ മറ്റു മാർഗങ്ങൾ ഇല്ലാതെയാണ്  മകൾ ആത്മഹത്യ ചെയ്തതെന്നാണ് അമ്മ നൽകിയ മൊഴി. പ്രതികൾ ബലാത്സംഗം ചെയ്യുന്നതിനാൽ ശരീരത്തിൽ മുറിവുണ്ടാകുന്നെന്ന് പെൺകുട്ടി പറഞ്ഞതായി കൂട്ടുകാരിയുടെ മൊഴിയും കുറ്റപത്രത്തിലുണ്ടായിരുന്നു.

click me!