ഐഎൻഎൽ പിളർപ്പിലേക്ക്; അഡ്ഹോക് കമ്മിറ്റിയുടെ അടിയന്തിര യോഗം കോഴിക്കോട്

Published : Feb 16, 2022, 09:20 AM ISTUpdated : Feb 16, 2022, 04:41 PM IST
ഐഎൻഎൽ പിളർപ്പിലേക്ക്; അഡ്ഹോക് കമ്മിറ്റിയുടെ അടിയന്തിര യോഗം കോഴിക്കോട്

Synopsis

അബ്ദുൾ വഹാബ് വിഭാഗത്തിന്റെ നീക്കത്തിനെതിരെ എന്ത് നടപടി വേണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായ അഡ്ഹോക്ക് കമ്മിറ്റി തീരുമാനിക്കും

കോഴിക്കോട്: ഐഎൻഎൽ അഡ്ഹോക് കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് കോഴിക്കോട്ട്. രാവിലെ പത്തിന് സ്വകാര്യ ഹോട്ടലിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. പാർട്ടി സംസ്ഥാന കൗൺസിൽ  പിരിച്ചു വിട്ടിട്ടും മുൻ സംസ്ഥാന അധ്യക്ഷൻ എപി അബ്ദുൾ വഹാബ് കൗൺസിൽ വിളിച്ച് ചേർക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് യോഗം. 

അബ്ദുൾ വഹാബ് വിഭാഗത്തിന്റെ നീക്കത്തിനെതിരെ എന്ത് നടപടി വേണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായ അഡ്ഹോക്ക് കമ്മിറ്റി തീരുമാനിക്കും. അഡ്ഹോക്ക് കമ്മിറ്റിയിൽ ഭൂരിപക്ഷം മറുവിഭാഗത്തിനായതിനാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് എപി അബ്ദുൾ വഹാബ് അറിയിച്ചു. ഭൂരിപക്ഷം കൗൺസിൽ അംഗങ്ങളുടെ പിന്തുണ തനിക്കാണെന്നും അതിനാൽ ഔദ്യോഗിക ഐഎൻഎല്ലുമായി മുന്നോട്ട് പോകുമെന്നുമാണ് എപി അബ്ദുൾ വഹാബിന്റെ നിലപാട്.

പത്ത് ദിവസത്തിനകം സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കാനാണ് എപി അബ്ദുള്‍ വഹാബിന്‍റെ തീരുമാനം. മറുവിഭാഗത്തേയും കൗണ്‍സില്‍ യോഗത്തിലേക്ക് വിളിക്കും. 120 അംഗ സംസ്ഥാന കൗണ്‍സിലിൽ 75 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് എപി അബ്ദുള്‍ വഹാബിന്‍റെ അവകാശവാദം. പിളര്‍പ്പ് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെന്നും ഇദ്ദേഹം വിശദീകരിച്ചു.

പാര്‍ട്ടിയിലെ ഭിന്നതക്ക് പ്രധാന കാരണം ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറാണെന്ന്  എപി അബ്ദുള്‍ വഹാബ് വിഭാഗം ആരോപിച്ചു. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതിനിടെ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരെ അബ്ദുള്‍ വഹാബും സംഘവും കണ്ടു. നേരത്തെ  ഐഎന്‍എല്ലില്‍ ഭിന്നത രൂക്ഷമായപ്പോള്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്സല്യാരാരുടെ മധ്യസ്ഥതയിലാണ് പ്രശ്നം പരിഹരിച്ചത്.

കഴിഞ്ഞ ദിവസമാണ് പാർട്ടി സംസ്ഥാന കൗൺസിൽ പിരിച്ചുവിട്ടത്. തെരുവില്‍ ഏറ്റുമുട്ടി നാണക്കേട് സൃഷ്ടിക്കുകയും പിന്നീട് മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ രമ്യതയിലെത്തുകയും ചെയ്തിട്ടും പാര്‍ട്ടിയിലെ ചേരിപ്പോര് അതേ പടി തുടരുന്ന പശ്ചാത്തലത്തിലാണ് ഐഎന്‍എലിന്‍റെ സംസ്ഥാന തല സമിതികള്‍ പിരിച്ചുവിടാനുളള ദേശീയ നിര്‍വാഹക സമിതി തീരുമാനം. ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്‍റെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന നിര്‍വാഹക സമിതി യോഗമാണ് സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന പ്രവര്‍ത്തക സമിതി, സംസ്ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിട്ടത്. പകരം അഹമ്മദ് ദേവര്‍ കോവിലിന്‍റെ നേതൃത്വത്തില്‍ ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നല്‍കുകയായിരുന്നു.

പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വത്തെ പിരിച്ചുവിട്ടതെന്ന് ഐഎന്‍എല്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്‍റെ നേതൃത്വത്തിലുളള വിഭാഗം നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ഇത്തരമൊരു തീരുമാനം വന്നതെന്നും അംഗീകരിക്കുന്നില്ലെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയെ പിരിച്ചുവിടാന്‍ ദേശീയ നിര്‍വാഹക സമിതിക്ക് അധികാരമില്ലെന്ന് പറഞ്ഞ അബ്ദുൾ വഹാബ് മുന്നണി നേതൃത്വത്തിന്റെ കൂടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്ഐആർ: കേരളത്തിൽ 24 ലക്ഷത്തിലേറെ പേർ ഒഴിവാക്കപ്പെടുന്നതിൽ പ്രതിഷേധം അലയടിക്കും, കരട് പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച നിർണായക യോഗം ഇന്ന്
വാഹന പരിശോധനയ്ക്കിടെ അപകടം; പരിക്കേറ്റ യുവാവിനെ പൊലീസ് വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി, യുവാക്കൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് വിശദീകരണം