ലീഗിൻ്റെ ലക്ഷ്യം സാമുദായിക ധ്രുവീകരണമെന്ന് ഐഎൻഎൽ; 'മലപ്പുറം പ്രസംഗത്തിൽ വെള്ളാപ്പള്ളി ക്ഷമാപണം നടത്താൻ തയ്യാർ'

Published : Apr 11, 2025, 02:46 PM IST
ലീഗിൻ്റെ ലക്ഷ്യം സാമുദായിക ധ്രുവീകരണമെന്ന് ഐഎൻഎൽ; 'മലപ്പുറം പ്രസംഗത്തിൽ വെള്ളാപ്പള്ളി ക്ഷമാപണം നടത്താൻ തയ്യാർ'

Synopsis

മലപ്പുറം പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരായ ലീഗിൻ്റെ രാഷ്ട്രീയ നീക്കങ്ങളെ വിമർശിച്ച് ഐഎൻഎൽ സംസ്ഥാന അധ്യക്ഷൻ

ആലപ്പുഴ: വിവാദ മലപ്പുറം പ്രസംഗത്തിൽ ക്ഷമാപണം നടത്താൻ വെള്ളാപ്പള്ളി നടേശൻ സന്നദ്ധത അറിയിച്ചെന്ന് ഐഎൻഎൽ സംസ്ഥാന അധ്യക്ഷൻ എപി അബ്‌ദുൾ വഹാബ്. പരാമർശത്തിൽ ഐഎൻഎലിൻ്റെ പ്രതിഷേധവും, അതുമായി ബന്ധപ്പെട്ട ആശങ്കയും വെള്ളാപ്പള്ളിയെ അറിയിച്ചു. പിന്നാക്ക സംവരണ മുന്നണിയുടെ ഭാഗമായി വെള്ളാപ്പള്ളിയെ ഉപയോഗിച്ച മുസ്ലിം ലീഗ് അദ്ദേഹത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ചതാണ് പ്രസ്താവനയ്ക്ക് കാരണം. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനും നിലവിലെ പ്രതിസന്ധികളിൽ നിന്ന് കരകയറാനും മുസ്ലിം ലീഗ് ഇത് ആയുധമാക്കുയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'വെള്ളാപ്പള്ളി നടേശന് മുസ്ലിം സമുദായത്തോട് സ്നേഹമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞു. എന്നാൽ മുസ്ലിം ലീഗിൻ്റെ നേതാക്കളിൽ നിന്ന് മോശം അനുഭവം ഉണ്ടായി. മുസ്ലിം ലീഗ് നേതാക്കളും പിന്നാക്ക സംവരണ മുന്നണിയുടെ ഭാഗമായിരുന്നു. അന്ന് വെള്ളാപ്പള്ളിയെ ലീഗ് ഉപയോഗപ്പെടുത്തി. പക്ഷേ അദ്ദേഹത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ അവഗണിച്ചു. ഈ പ്രയാസമാണ് അദ്ദേഹത്തിനുള്ളത്. പരാമർശത്തിൽ മലപ്പുറത്തുകാർക്ക് പ്രയാസം ഉണ്ടായെങ്കിൽ ക്ഷമാപണം നടത്താൻ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിവാദം നിലനിർത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് മുസ്ലിം ലീഗ് ശ്രമം. സാമുദായിക ധ്രുവീകരണം നിലനിൽക്കണമെന്ന് ലീഗ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

മുസ്ലിം ലീഗ് വലിയ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിൻ്റെ രണ്ട് നേതാക്കൾ അറസ്റ്റിലാണ്. സമസ്തയുമായും ലീഗ് നേതൃത്വവുമായും പ്രശ്നങ്ങളുണ്ട്. ഈ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നാഷണൽ ലീഗിനെതിരെ ആക്രമണം നടത്തുന്നത്. ലീഗുകാരെ കയറൂരി വിട്ടിരിക്കുകയാണ് നേതൃത്വം. സൈബർ ആക്രമണം അതിര് കടന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് പ്രവർത്തകർ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചതിന് അതേ നാണയത്തിൽ മറുപടി ഉണ്ടായി. സാദിഖലി തങ്ങളുടെ കോലം എസ്എൻഡിപി പ്രവർത്തകരും കത്തിച്ചു. വിവാദം അപകടകരമായ നിലയിലേക്ക് മാറുന്ന സാഹചര്യമുണ്ടായി. സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിന് തക്കം പാർത്തിരിക്കുന്നവരുണ്ട്. ധ്രുവീകരണം ഉണ്ടായാൽ അത് ആർക്കും തടയാൻ കഴിയാത്ത സ്ഥിതിയാകും. ഈ സാഹചര്യത്തിലാണ് നാഷണൽ ലീഗ് നേതൃത്വം വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചത്. ഫോണിലൂടെ സംസാരിച്ചപ്പോൾ വെള്ളാപ്പള്ളി നേരിൽ കാണണം എന്ന് ആവശ്യപ്പെട്ടതിനാലാണ് അദ്ദേഹത്തെ വീട്ടിൽ ചെന്ന് കണ്ടതെന്നും അബ്ദുൾ വഹാബ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം