എം വിജിൻ എംഎൽഎയുടെ പരാതി: കണ്ണൂർ ടൗൺ എസ്ഐക്ക് വീഴ്ചയുണ്ടായെന്ന് നിഗമനം, അന്വേഷണത്തിന് തീരുമാനം

Published : Jan 05, 2024, 03:09 PM ISTUpdated : Jan 05, 2024, 11:07 PM IST
എം വിജിൻ എംഎൽഎയുടെ പരാതി: കണ്ണൂർ ടൗൺ എസ്ഐക്ക് വീഴ്ചയുണ്ടായെന്ന് നിഗമനം, അന്വേഷണത്തിന് തീരുമാനം

Synopsis

കണ്ണൂരിൽ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ എം വിജിൻ എംഎൽഎയെ ഒഴിവാക്കിയാണ് ടൗൺ പൊലീസ് കേസെടുത്തത്

കണ്ണൂർ: എം വിജിൻ എംഎൽഎ നൽകിയ പരാതിയിൽ കണ്ണൂര്‍ ടൗൺ എസ്ഐക്കെതിരെ അന്വേഷണത്തിന് തീരുമാനം. സംഭവത്തിൽ എസ്ഐക്ക് വീഴ്ചയുണ്ടായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പരാതി അന്വേഷിക്കും. അന്വേഷണത്തിന് ശേഷം മാത്രമേ എസ്ഐക്കെതിരെ നടപടിയെടുക്കൂവെന്നാണ് പൊലീസിൽ നിന്നുള്ള വിവരം. സംഭവത്തിൽ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറോട് സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടി.

കണ്ണൂരിൽ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ എം വിജിൻ എംഎൽഎയെ ഒഴിവാക്കിയാണ് ടൗൺ പൊലീസ് കേസെടുത്തത്. നഴ്സിങ് സംഘടനാ ഭാരവാഹികൾക്കെതിരെ അന്യായമായി സംഘം ചേർന്നതിനാണ് കേസെടുത്തത്. നിയമത്തെ തങ്ങളുടെ വഴിക്ക് കൊണ്ടുപോകാനാണ് സിപിഎം ശ്രമമെന്ന് കോൺഗ്രസ് വിമർശിച്ചു. എംഎൽഎയ്ക്കെതിരെ കേസ് ആവശ്യമില്ലെന്നും വീഴ്ച പൊലീസിനെന്നുമാണ് സിപിഎം വാദം.

കളക്ടറേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന ടൗൺ  എസ്ഐയുടെ നിലപാടാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പ്രകടനമായെത്തിയ നഴ്സുമാർ അകത്തുകയറിയത് തടയാൻ പൊലീസ് ഇല്ലാതിരുന്നതുകൊണ്ട്, വീഴ്ച പൊലീസിനെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പിന്നെ എന്തിന് കേസെന്നും എം വിജിൻ എംഎൽഎ തിരിച്ചടിച്ചു. എന്നാൽ എസ്ഐയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയുടെ പേര് ചോദിക്കുകയും ചെയ്തതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി.

പിന്നാലെ സിവിൽ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതിനും അന്യായമായി സംഘം ചേർന്നതിനും വകുപ്പുകൾ ചുമത്തി ടൗൺ പൊലീസ് കേസെടുത്തു. എഫ്ഐആറിൽ പക്ഷേ  മാർച്ച് ഉദ്ഘാടകനായ എംഎൽഎയുടെ പേര് ഉൾപ്പെടുത്തിയില്ല. കെജിഎൻഎ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരുമാണ് പ്രതികൾ. വിജിനെതിരെ മാത്രമല്ല നഴ്സുമാക്കെതിരെയും കേസ് ആവശ്യമില്ലെന്നാണ് സിപിഎം നിലപാട്. ക്രമസമാധാപ്രശ്നം ഉണ്ടായിട്ടില്ലെന്നും വിമര്‍ശനം ഉണ്ട്. സംഭവത്തിൽ എംഎൽഎ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ