ഐഎൻഎസ് വിക്രാന്തിലെ മോഷണ കേസ്: കേരള പൊലീസിന് കൈമാറിയേക്കും

By Web TeamFirst Published Sep 3, 2020, 8:12 PM IST
Highlights

നുണ പരിശോധനയിലും ചാരപ്രവർത്തന സാധ്യത വ്യക്തമാകാത്ത സാഹചര്യത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ എൻഐഎ സംഘം റിപ്പോർട്ട് സമർപ്പിക്കും

കൊച്ചി: വിമാന വാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിലെ മോഷണക്കേസ് കേരള പൊലീസിന് കൈമാറിയേക്കും. നുണ പരിശോധനയിൽ പ്രതികൾ തങ്ങളുടെ മൊഴി ആവർത്തിച്ച സാഹചര്യത്തിലാണ് സംഭവം കേരള പൊലീസിന് വിടുന്നത്. കേസിൽ ചാരപ്രവർത്തനം അടക്കമുള്ള സാധ്യതകൾ കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തിയിരുന്നുവെങ്കിലും മോഷണം മാത്രമായിരുന്നു ഉദ്ദേശമെന്ന് പ്രതികൾ പറഞ്ഞിരുന്നു. തുടർന്ന് നുണ പരിശോധന നടത്തി. എന്നാൽ നുണ പരിശോധനയിലും ചാരപ്രവർത്തന സാധ്യത വ്യക്തമാകാത്ത സാഹചര്യത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ എൻഐഎ സംഘം റിപ്പോർട്ട് സമർപ്പിക്കും.

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരുന്ന വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും മറ്റ് ഹാര്‍ഡ് വെയറുകളും മോഷ്ടിച്ച കേസിലാണ് എഐഎ  അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നത്. മാസങ്ങൾ നീണ്ട അന്വേഷണത്തിൽ  ചാരപ്രവര്‍ത്തന സാധ്യത ഇതുവരെ കണ്ടെത്താനായിട്ടില്ല. പണത്തിന് വേണ്ടിയാണ്  മോഷണം നടത്തിയതെന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത ബിഹാർ സ്വദേശി സുമിത് കുമാര്‍ സിങും രാജസ്ഥാന്‍ സ്വദേശി ദയാറാമും ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.

ഇക്കാര്യം ഇവര്‍ രണ്ടാഴ്ച മുമ്പ് തൃശൂരിലെ ലബോറട്ടറിയില്‍ നടത്തിയ നുണപരിശോധനയിലും ആവര്‍ത്തിച്ചു. ഇതോടെയാണ് കേസിലെ ചാരപ്രവര്‍ത്ത സാധ്യത എന്‍ഐഎ ഏറെക്കുറെ തള്ളിയത്. 10 റാം, അഞ്ച് മൈക്രോ പ്രോസസേഴ്‌സ്, 5 സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ്സ് എന്നിവയാണ് ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് മോഷണം പോയത്. കേസ് ആദ്യം കേരളാപൊലീസ് അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല. പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരുടെ കൈപ്പത്തിയുടെ അടയാളം മാത്രമായിരുന്നു കേസിലെ ഏക തെളിവ്. യാഥാർത്ഥ പ്രതികളിലേക്ക് എത്താൻ  ഐഎന്‍എസ് വിക്രാന്തിന്റെ   ജോലി ചെയ്ത ആറായിരം കരാർ തൊഴിലാളികളുടെ വിരലടയാളം  ശേഖരിച്ച് നടത്തിയ ചരിത്രപരമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.ഇക്കഴിഞ്ഞ ജൂൺ പത്തിനാണ് കേസിൽ പ്രതികളെ പിടികൂടിയത്. പ്രതികളുടെ ജാമ്യ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. പുതിയ കണ്ടെത്തലുകൾ അടുത്ത ആഴ്ച എഐഎ കോടതിയെ അറയിക്കും.

click me!