Latest Videos

ഐഎൻഎസ് വിക്രാന്തിലെ കവർച്ച: മൈക്രോ പ്രൊസസർ പ്രതികൾ ഒഎൽഎക്സ് വഴി വിറ്റു

By Web TeamFirst Published Jun 15, 2020, 1:03 PM IST
Highlights

ആകെ 20 ഉപകരണങ്ങളാണ് സംഘം മോഷ്ടിച്ചത്. ഇതിൽ 19 എണ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇനി കിട്ടാനുള്ള മൈക്രോ പ്രൊസസർ, മോഷ്ടാക്കൾ ഒഎൽഎക്‌സ് വഴി വിൽപ്പന നടത്തിയതായും എൻഐഎ കണ്ടെത്തി

കൊച്ചി: നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരു മൈക്രോ പ്രൊസസർ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്ന് എൻഐഎ സംഘം.  ഇന്ന് എറണാകുളത്തെ എൻഐഎ കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൈക്രോ പ്രൊസസർ കണ്ടെത്തേണ്ട സാഹചര്യത്തിൽ പ്രതികളെ ഏഴ് ദിവസം കൂടി എൻഐഎ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ദേശീയ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും ഉണ്ടായോ എന്ന് പരിശോധിക്കുകയാണെന്നും എൻഐഎ അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു.

ആകെ 20 ഉപകരണങ്ങളാണ് സംഘം മോഷ്ടിച്ചത്. ഇതിൽ 19 എണ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇനി കിട്ടാനുള്ള മൈക്രോ പ്രൊസസർ, മോഷ്ടാക്കൾ ഒഎൽഎക്‌സ് വഴി വിൽപ്പന നടത്തിയതായും എൻഐഎ കണ്ടെത്തി. ഇത് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി.

പത്ത് ദിവസത്തേയ്ക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. ഒരു വർഷം മുൻപാണ് വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്കുകൾ കാണാതായത്. ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. 

കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിക്ക് വരുന്ന എല്ലാവരുടേയും വിരലടയാളം ഇവിടെ ശേഖരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഇങ്ങനെ 5000-ത്തോളം ആളുകളുടെ വിരലടയാളം ശേഖരിച്ചു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് രാജസ്ഥാൻ, ബിഹാർ സ്വദേശികളായ രണ്ട് പേരിലേക്ക് എൻഐഎ എത്തിയത്. കപ്പലിലെ പെയിന്റിംഗ് തൊഴിലാളികളായ ഇവർ തൊഴിൽ നഷ്ടമായി മടങ്ങുമ്പോൾ സാധനങ്ങൾ മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു.

click me!