സമവായ ചര്‍ച്ച പരാജയപ്പെട്ടു; മുത്തൂറ്റിലെ സമരം തുടരും

By Web TeamFirst Published Sep 9, 2019, 7:16 PM IST
Highlights

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സിഐടിയുവിന്‍റെ പിന്തുണയുള്ള സമരത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്

കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരം ഒത്തുതീർപ്പാക്കാൻ മന്ത്രി ടി പി രാമകൃഷ്ണൻ വിളിച്ച് ചേർത്ത സമവായ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.  എറണാകുളം ഗസ്റ്റ് ഹൗസിൽ മന്ത്രിയുടെ അധ്യക്ഷതയിൽ 4 മണിക്കൂർ നീണ്ട ചർച്ചയിലും ഇരുവിഭാഗവും തമ്മിൽ സമവായത്തിലെത്താനായില്ല. 21 ദിവസമായി തുടരുന്ന സമരം ഇതോടെ ഇനിയും നീളും. ചില വിഷയങ്ങളിൽ ധാരണ ഉണ്ടായെങ്കിലും കുറച്ച് കാര്യങ്ങളിൽ കൂടി ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ചര്‍ച്ച തുടരുമെന്നും മന്ത്രി അറിയിച്ചു.

ബോണസും തടഞ്ഞുവെച്ച ശമ്പളവും നൽകാമെന്ന് കമ്പനി അധികൃതർ സമരസമിതിയെ അറിയിച്ചെങ്കിലും ശമ്പള വർദ്ധനവടക്കമുള്ള കാര്യങ്ങളിൽ മാനേജ്മെന്‍റ് ഒത്തുതീർപ്പിന് തയ്യാറായില്ലെന്നാണ് സമരസമിതിയുടെ ആരോപണം. അതേസമയം മന്ത്രിയുമായി ചർച്ച നടത്തിയ മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടർ  യോഗത്തിൽ പങ്കെടുത്തില്ല. സമരം തുടരുകയാണെങ്കിൽ കൂടുതൽ ബ്രാഞ്ചുകൾ അടച്ചുപൂട്ടുമെന്നും 43 ബ്രാഞ്ചുകൾ പൂട്ടുന്നതിന് ആര്‍ബിഐയുടെ അനുമതി തേടിയിട്ടുണ്ടെന്നും ജോർജ് അലക്സാണ്ടർ പറഞ്ഞു. നേരത്തെ മുത്തൂറ്റ് മാനേജ്മെന്‍റ് പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ തിരുവനന്തപുരത്ത് വിളിച്ച് കൂട്ടിയ സമവായ ചർച്ചയും പരാജയപ്പെട്ടിരുന്നു.

click me!