
തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷിയായ ജെ എസ് എസിൽ പിന്നെയും തമ്മിലടി. ജനറൽ സെക്രട്ടറിയെ പുറത്താക്കിയ നടപടിക്ക് പിന്നാലെ സംസ്ഥാന പ്രസിഡൻ്റിനെ പുറത്താക്കി തിരിച്ചടിച്ചിരിക്കുകയാണ് പാർട്ടിക്കുള്ളിലെ മറുവിഭാഗം. സംസ്ഥാന പ്രസിഡൻ്റ് എ വി താമരാക്ഷനും ജനറൽ സെക്രട്ടറി രാജൻ ബാബുവും രണ്ട് ഭാഗത്തായി നിന്നുള്ള കൊമ്പുകോർക്കലാണ് പാർട്ടിക്കുള്ളിൽ നടക്കുന്നത്. കഴിഞ്ഞ ആഴ്ച താമരാക്ഷൻ്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ ചേർന്ന പാർട്ടി നേതൃയോഗം രാജൻ ബാബുവിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജൻ ബാബുവിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ന് കൊച്ചിയിൽ യോഗം ചേർന്നത്. സംസ്ഥാന പ്രസിഡൻ്റ് എ വി താമരാക്ഷനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ജനറൽ സെക്രട്ടറി രാജൻ ബാബു പിന്നീട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
താമരാക്ഷനൊപ്പം പ്രവർത്തിക്കുന്ന മറ്റു നാല് ജില്ല നേതാക്കളെയും പുറത്താക്കി. കൊച്ചിയിൽ രാജൻ ബാബുവിനെ നേതൃത്വത്തിൽ ചേർന്ന ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടിയെടുത്തത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി സംസ്ഥാന നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത പാർട്ടിയാണ് ജെഎസ്എസ്. മുൻപ് കെആർ ഗൗരിയമ്മ സിപിഎം വിട്ട ശേഷം രൂപീകരിച്ചതാണ് ഈ പാർട്ടി. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ പാർട്ടിക്ക് പിന്നീട് സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തിൽ എൻഡിഎയിലേക്ക് ചേക്കേറിയ ശേഷം തിരികെ വന്ന് യുഡിഎഫിൻ്റെ ഭാഗമായ ഇവർ തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് വീണ്ടും കൊമ്പുകോർക്കുന്നത്.