
പാലക്കാട്: ഓണവിപണി ലക്ഷ്യമിട്ട് ഓട്ടോ ഡ്രൈവർമാർ നടത്തിയ പൂകൃഷി വ്യാപകമായി വെട്ടി നശിപ്പിച്ചെന്ന് പരാതി. 350 ചെണ്ടുമല്ലി ചെടികളാണ് വെട്ടി നശിപ്പിച്ചിരിക്കുന്നത്. ഓട്ടോ ഡ്രൈവർമാർ കോട്ടായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇവർ 50 സെന്റ് വസ്തു പാട്ടത്തിനെടുത്ത് പൂകൃഷിയും പച്ചക്കറി കൃഷിയും ചെയ്തിരുന്നു. അതുപോലെ ഇത്തവണയും പൂകൃഷി നടത്തിയതാണ്. ഈ കൃഷിയാണ് സാമൂഹ്യ വിരുദ്ധർ ഇന്നലെ രാത്രി വെട്ടിനശിപ്പിച്ചത്. രണ്ടരമാസമായി കൃഷി തുടങ്ങിയത്. ഒരു ചെടിക്ക് എട്ട് രൂപ വെച്ചാണ് പുറത്തുനിന്ന് വാങ്ങിയത്. അത്തരത്തിൽ 350 ചെടികളാണ് അരിവാൾ കൊണ്ട് വെട്ടി നിരത്തിയ നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കിട്ടുന്ന സമയത്ത് പരിപാലിച്ചാണ് ചെടികളെ ഇത്രയും വളർത്തിയെടുത്തതെന്ന് ഓട്ടോഡ്രൈവർമാർ ഒരേ ശബ്ദത്തിൽ പറയുന്നു. ഇത്രയും ഭംഗിയോടെ വിടർന്നു നിൽക്കുന്ന ചെടികളെ വെട്ടി നശിപ്പിക്കാൻ തോന്നിയവരുടെ മനസ് എത്ര ക്രൂരമായിരിക്കും എന്നാണ് ഇവർ സങ്കടത്തോടെ ചോദിക്കുന്നത്. ഈ ക്രൂരത ആര് ചെയ്തെന്ന് അറിയണമെന്നും ഇവർ ആവശ്യമുന്നയിക്കുന്നു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു.