
കൊച്ചി: എറണാകുളം കാലടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി കമൽ മാലിക് ആണ് മരിച്ചത്. സംഭവത്തിൽ അസം സ്വദേശി പ്രാഞ്ചി കസ്റ്റഡിയിലായി. കുത്തേറ്റ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കമൽ മാലിക് റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി. പരിശോധന നടത്തുകയാണ്.
അതേസമയം, പത്തനംതിട്ടയിൽ നിന്നാണ് മറ്റൊരു കൊലപാതക വാർത്ത വരുന്നത്. യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. പ്രതി അതുൽ സത്യനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കും കാര്യമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെയാണ് ഇയാൾ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയത്. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കും വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്നും പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ രജിത പൊലീസിൽ പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
ഇരുവരും ബന്ധത്തിലായിരുന്നു. സമീപകാലത്ത് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണു. തുടർന്ന് രജിത സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിൽ അതുൽ അസ്വസ്ഥനായിരുന്നു. അതുൽ ഉപദ്രവിക്കുകയാണെന്നാരോപിച്ച് രജിത പൊലീസിൽ പരാതി നൽകിയതോടെ അതുലിന് രജിതയോട് എതിർപ്പ് വർധിച്ചു. പത്തനാപുരത്ത് വെച്ച് അതുൽ രജിതയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ഈ ദൃശ്യങ്ങൾ രജിതയുടെ അമ്മക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്നാണ് രജിത പൊലീസിനെ സമീപിക്കുന്നത്. ഈ ബന്ധത്തിൽ ഇവർക്കൊരു കുട്ടിയുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam