തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ച് യൂബർ കാർ ഡ്രൈവറെ വെടിവച്ചുകൊന്ന യുവതിക്കെതിരെ കേസ്
ടെക്സാസ്: യൂബർ കാറിൽ തന്നെ തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ച സ്ത്രീയുടെ പ്രതിരോധം കലാശിച്ചത് വൻ ദുരന്തത്തിൽ. യൂബർ ടാക്സിസിയിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീ തന്നെ മെക്സിക്കോയിലേക്ക് തട്ടിക്കൊണ്ടുപോവുകയാണെന്ന തെറ്റിദ്ധാരണയിൽ ഡ്രൈവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം ജൂൺ 16 വെള്ളിയാഴ്ച യുഎസിലെ ടെക്സാസിലാണ് ദാരുണ സംഭവം.
48 കാരിയായ ഫീബ് കോപാസ് എന്ന സ്ത്രീ ഡ്രൈവർ ഡാനിയൽ പീദ്ര ഗാർഷ്യയെന്ന ഡ്രൈവർക്ക് നേരെയാണ് വെടിയുതിർത്തത്. ഹൈവേയിൽ സഞ്ചരിക്കുന്നതിനിടെ മെക്‌സിക്കോയിലേക്കുള്ള സൈൻ ബോർഡ് കണ്ടാണ് കോപാസ് തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ചത്. തലയ്ക്ക് പിന്നിലും കഴുത്തിലും വെടിയേറ്റ ഡാനിയേൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതിന് പിന്നാലെ കസ്റ്റഡിയിലുള്ള സ്ത്രീകക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
റിപ്പോർട്ട് പ്രകാരം, കെന്റക്കിയിൽ നിന്നുള്ള കോപാസ് തന്റെ കാമുകനെ കാണാൻ ടെക്‌സാസിൽ എത്തിയതായിരുന്നു. കാമുകൻ ജോലിയിൽ നിന്ന് ഇറങ്ങിയ ശേഷം ഒരു കാസിനോയിൽ കണ്ടുമുട്ടാനായിരുന്നു ഇരുവരും തീരുമാനിച്ചത്. അവിടേക്കെത്താൻ അവർ ഒരു യൂബർ കാബ് ബുക്ക് ചെയ്തു. യാത്രക്കിടെ ഹൈവേ സൈൻ ബോർഡിൽ ജുവാരസ്, മെക്സിക്കോ എന്ന് എഴുതിയത് കണ്ട കോപാസ് പേടിച്ചു. തുടർന്ന് ബാഗിലുണ്ടായിരുന്ന തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. കഴുത്തിലും തയ്ക്ക് പിന്നിലും വെടിയേറ്റ ഡ്രൈവർ ഡാനിയേൽ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.
അതേസമയം, ഡ്രവൈർ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. യൂബർ ആപ്ലിക്കേഷൻ ലൊക്കേഷൻ അടക്കം പരിശോധിച്ച് കൃത്യമായ ദിശയിലായിരുന്നു വാഹനം സഞ്ചരിച്ചിരുന്നത്. അതുപോലെ പൊലീസ് സഹായമടക്കം തേടാതെയാണ് ഡ്രൈവറെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം വെടിയേറ്റ ഡ്രൈവറുടെ ചിത്രം കാമുകന് അയച്ചുകൊടുത്തിട്ടുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
Read more: കണ്ണൂരിൽ, ഓട്ടോറിക്ഷയിൽ എത്തിയ ആൾ വീട്ടിലേക്ക് കയറി യുവതിയെ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു, കേസ്
അതേസമയം, ഇത്തരം അതിക്രമങ്ങൾ ദാരുണമാണെന്ന് യൂബർ പ്രതികരിച്ചു. കുടുംബത്തിന്റെ ഏക വരുമാന സ്രോതസാണ് നഷ്ടമായതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. നേരത്തെ ഒരു അപകടത്തിൽ കാലിന് പരിക്കേറ്റ ഡാനിയേൽ വീണ്ടും ജോലിയിൽ പ്രവേശിച്ചത് കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു. വെടിവെപ്പിൽ ഗുരുതരമയി പരിക്കേറ്റ അദ്ദേഹത്തെ രക്ഷിക്കാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഒടുവിൽ അദ്ദേഹം വിട്ടുപോയതായും കുടുംബം പ്രതികരിച്ചു.
