
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലയാളി സംഘത്തിലുണ്ടായിരുന്ന ഉണ്ണിയാണ് പിടിയിലായത്. ഐഎൻടിയുസി പ്രാദേശിക നേതാവാണ് ഇയാൾ. മദപുരത്തുള്ള ഒരു പാറയുടെ മുകളിൽ നിന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊലയാളി സംഘത്തിലുണ്ടായ സജീവിനെയും സനലിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. സംഘത്തിലെ നാലാമനും രണ്ടാം പ്രതിയുമായ അൻസറിനായുള്ള തെരച്ചിൽ തുടരുകയാണ്.
പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ഒരു സ്ത്രീയടക്കം ഏഴു പേരെ ചൊവ്വാഴ്‍ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഷജിത്ത്, അജിത്ത്, നജീബ്, സതിമോൻ എന്നീ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലക്ക് പിന്നിലെ കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിലുണ്ടായ സംഘർഷമാണ് തുടക്കം. ഇതേ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിന് നേരെ മെയ് മാസത്തിൽ വധശ്രമമുണ്ടായി. സജീവ്,അജിത്ത്,ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഈ കേസിൽ അറസ്റ്റിലായതിന്‍റെ വൈരാഗ്യത്തിലാണ് ഇതേ പ്രതികൾ തന്നെ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയത്.
ഫൈസലിന് എതിരായ ആക്രമണം ഒത്തുതീർക്കാൻ ഹഖ് കൂട്ടാക്കിയിരുന്നില്ല. കേസിൽ നിന്നും പിന്മാറാൻ പ്രതികൾ പലതവണ പ്രകോപനമുണ്ടാക്കി. പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിൽ വെച്ചായിരുന്നു ഗൂഡാലോചന. രണ്ട് പേരുടെയും ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇരുവര്‍ക്കും വടിവാൾ കൊണ്ടുള്ള വെട്ടുമേറ്റിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam