
തിരുവനന്തപുരം: സ്‌കൂളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ച് അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി. സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും എറണാകുളത്തെ ഒരു സ്‌കൂളിൽ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്‌മന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാൽ 'ഇനി വൈകിയെത്തരുത്' എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയിൽ ഇരുട്ടുമുറിയിൽ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളല്ല എന്നാണ് മനസ്സിലാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇത്തരം വിഷയങ്ങളിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കുറഞ്ഞുവരുന്നത്. അധ്യാപകർക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തത് ഇതിനൊരു കാരണമായിരിക്കാം. മറ്റ് സ്ട്രീമുകളിലെ അധ്യാപകർക്കും കൃത്യമായ പരിശീലനം നിർബന്ധമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. തൃക്കാക്കരയിലുള്ള സ്വകാര്യ സ്കൂളിനെതിരെയാണ് ആരോപണമുയർന്നത്. വൈകിയെത്തിയ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയെന്നാണ് പരാതി. സംഭവത്തില്‍ പ്രതിഷേധവുമായി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂളിലെത്തിയിരുന്നു. രക്ഷിതാക്കളോടും അധികൃതര്‍ മോശമായി പെരുമാറിയെന്നും, കുട്ടിയെ ടിസി നല്‍കി പറഞ്ഞുവിടുമെന്നും വൈകി വന്നാല്‍ വെയിലത്ത് ഓടിക്കുമെന്നും അധികൃതര്‍ പറഞ്ഞതായാണ് ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam