
തിരുവനന്തപുരം: കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ചതിന് അറസ്റ്റ് ചെയ്ത വ്ലോഗറുടെ ദൃശ്യം പ്രചരിച്ചതിൽ അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്. എക്സൈസ് ഓഫീസിലെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചത്. സംഭവം എക്സൈസ് വിജിലൻസ് എസ്പി അന്വേഷിക്കുമെന്ന് കമ്മീഷണര്‍ ഉത്തരവിറക്കി. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായെങ്കിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദനും അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലഹരിമരുന്ന് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ പ്രോത്സാഹിപ്പിച്ചതിനാണ് വ്ലോഗർ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ കഴിഞ്ഞ ദിവസം എക്സൈസിന്‍റെ പിടിയിലായത്. കഞ്ചാവ് ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പറഞ്ഞുപദേശിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചെറുപ്പക്കാർക്കിടയിൽ ഇത്തരം പ്രചാരണം നടത്തുന്ന റാക്കറ്റിലെ മുഖ്യകണ്ണിയാണ് ഇയാളെന്നാണ് സൂചന. ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്തത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ എക്സൈസ് വ്ളോഗറെ പൊക്കുകയായിരുന്നു. കൊച്ചിയിലെ ഓഫീസിലെത്തിച്ച പ്രതി കഞ്ചാവ് ലഹരിയില്‍ ഉദ്യോഗസ്ഥരോട് കഞ്ചാവിന്‍റെ ഗുണങ്ങളെപ്പറ്റി വിവരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ ആണ് കഞ്ചാവ് ലഹരിയിൽ റാപ്പ് ഗാനത്തിന്‍റെ ശൈലിയില്‍ കഞ്ചാവിന്‍റെ ഗുണം വിവരിച്ച് എക്സൈസ് ഓഫീസിനുള്ളില്‍ പ്രകടനം നടത്തിയത്.
എക്സൈസ് ഓഫീസിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടാണ് ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ കഞ്ചാവിന്‍റെ ഗുണങ്ങളെപ്പറ്റി വിശദീകരിക്കുന്നത്. താനൊരു രോഗിയാണ്, അതുകൊണ്ടാണ് കഞ്ചാവ് ഉപയോഗിക്കുന്നതെന്നും യുവാവ് പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരെ പീഡിപ്പക്കരുതെന്നുമാണ് യുവാവിന്‍റെ വാദം. കഞ്ചാവ് ഭൂമിയിൽ വിത്ത് വീണ് മുളയ്ക്കുന്നതാണെന്നും എല്ലാ രോഗങ്ങൾക്കുള്ള മരുന്നാണെന്നും തന്റെ മരണം വരെ ഉപയോഗിക്കുമെന്നും ഇയാൾ എക്സൈസിനോട് പറഞ്ഞു. കഞ്ചാവ് തന്റെ രക്തവും ജീവനുമാണ്. കഞ്ചാവ് വിഷമല്ല. കഞ്ചാവ് തെറ്റായിട്ട് തോന്നിയിട്ടില്ല. അത് മയക്കുമരുന്നല്ല. മനുഷ്യനാണ് ഏറ്റവും വിഷം. ഞാൻ പ്രകൃതി സ്നേഹിയാണ്'- ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പറഞ്ഞു. എക്സൈസ് ഓഫീസിൽ നിന്നുള്ള വ്ലോഗറുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതാണ് വിവാദമായതിന് പിന്നാലെയാണ് അന്വേഷണം.
Also Read: ലഹരിയുടെ 'ന്യൂജെന്‍ വഴി':ഫോർട്ടുകൊച്ചിയിൽ വ്ളോഗറുടെ അറസ്റ്റോടെ പുറത്തുവരുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam