
ഇടുക്കി: ഇടുക്കിയില്‍ വനഭൂമിയില്‍ നിന്നടക്കം മരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. തിരുവനന്തപുരം ഫ്ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ എ ഷാനവാസിന്‍റെ നേതൃത്തിലുള്ള സംഘം ഇടുക്കിയിലെത്തി. പത്തോളം ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇടുക്കിയിലെ റെയ്ഞ്ച് ഓഫീസുകളിലെത്തി മരംമുറി സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘം ആദ്യം പരിശോധിക്കും.
ചിന്നക്കനാലിൽ അനുമതിയുണ്ടെന്ന വ്യാജേന 144 മരങ്ങളാണ് വനഭൂമിയിൽ നിന്നടക്കം മുറിച്ച് കടത്തിയത്. പരാതി ഉയർന്നതോടെ ഏതാനും പേരെ അറസ്റ്റ് ചെയ്തെങ്കിലും മുറിച്ചെടുത്ത തടി മുഴുവൻ കണ്ടെത്താനായിട്ടില്ല. മരം മുറിയ്ക്ക് കൂട്ട് നിന്ന ഉന്നതരിലേക്കും അന്വേഷണമില്ല. കഴിഞ്ഞ മാർച്ചിലായിരുന്നു ഇവിടെ വ്യാപക മരംമുറി. വിപണിയിൽ നല്ല വിലയുള്ള ചന്ദനവയമ്പ്, കുളമാവ് തുടങ്ങിയ തടികൾ കയറ്റി പോകാൻ തുടങ്ങിയതോടെ പരാതിയായി. ഇതോടെ പട്ടയഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്ന് വരുത്തി പരാതി ഒതുക്കാനായി ശ്രമം. റവന്യൂ വകുപ്പിന് പരാതി പോയതോടെ വനംവകുപ്പ് കേസെടുത്തു. 92 മരങ്ങൾ മുറിച്ചെന്നും 68,000 രൂപ പിഴയീടാക്കണം എന്നുമായിരുന്നു എഫ്ഐആർ. എന്നാൽ കേസ് ഒതുക്കാനാണ് നീക്കമെന്ന് ആരോപണം ഉയർന്നതോടെ വനംവകുപ്പ് അന്വേഷണ സംഘത്തെ നിയോഗിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ 144 മരങ്ങൾ മുറിച്ചെന്ന് സംഘം റിപ്പോർട്ട് നൽകി. ചിന്നക്കനാൽ ഫോറസ്റ്ററെയും രണ്ട് ഗാർഡുകളെയും സസ്പെൻഡ് ചെയ്തു.
ഉടുമ്പഞ്ചോലയിൽ റോഡ് വികസനത്തിന്‍റെ പേരില്‍ മുറിച്ചുമാറ്റിയത് അമ്പതോളം വൻമരങ്ങളാണ്. കാർഡമം ഹിൽ റിസർവിൽ വരുന്ന ഉടുമ്പൻചോല താലൂക്കിലാണ് മരം മുറി നടന്നത്. അനുമതി വാങ്ങാതെ മരം മുറിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസഥർക്കും കരാറുകാർക്കുമെതിര വനംവകുപ്പ് കേസെടുത്തു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് മുറിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് പറയുമ്പോള്‍ അത്തരമൊരു നർദ്ദേശം നൽകിയിട്ടില്ലെന്ന് ജില്ലാ കളക്ടർ വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam