ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അറസ്റ്റിനൊരുങ്ങി അന്വേഷണ സംഘം

By Web TeamFirst Published Oct 30, 2019, 6:39 AM IST
Highlights

ജാവലിൻ ഹാമർ ത്രോ മത്സരങ്ങളുടെ ചുമതലക്കാർ, റഫറിമാർ എന്നിവർ ഉൾപ്പെടെ നാലുപേരാണ് പ്രതി പട്ടികയിൽ. 

കോട്ടയം: പാലായിൽ കായികമേളക്കിടെ ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ച കേസിൽ അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങുന്നു . ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അഫീലിന്‍റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. പൊലീസ് അന്വേഷണം ഇഴഞ്ഞ് പോകുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങുന്നത്. ജാവലിൻ ഹാമർ ത്രോ മത്സരങ്ങളുടെ ചുമതലക്കാർ, റഫറിമാർ എന്നിവർ ഉൾപ്പെടെ നാലുപേരാണ് പ്രതി പട്ടികയിൽ. കോഴിക്കോട് മലപ്പുറം സ്വദേശികളായ ജോസഫ്, നാരായണൻകുട്ടി, കാസിം, മാർട്ടിൻ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. 

ഇവരെ പാലായിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. സ്റ്റേഷനിൽനിന്ന് തന്നെ ജാമ്യം നൽകാമെന്ന് ഇരിക്കെ അന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം. അവിടെനിന്നും പ്രതികൾക്ക് ജാമ്യം എടുക്കാം. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതികൾക്ക് പൊലീസ് നോട്ടീസ് നൽകും. മനപൂർവ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹാമർ , ജാവലിൻ മൽസരങ്ങൾ ഒരേ സമയം ഒരേ സ്ഥലത്ത് നടത്തിയതാണ് അഫീലിന്‍റെ ദാരുണ മരണത്തിനിടയാക്കിയത് 
 

click me!