Latest Videos

വാ​ഗമൺ നിശാപാ‍ർട്ടി: ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക്

By Web TeamFirst Published Jan 2, 2021, 6:25 AM IST
Highlights

അന്വേഷണത്തിൽ സിനിമഃസീരിയൽ രംഗത്തെ പ്രമുഖരാരും വാഗമണിൽ പിടിയിലായ സംഘവുമായി ബന്ധം പുലർത്തിയിരുന്നില്ലെന്നും കണ്ടെത്തി.

ബെംഗളൂരു: വാഗമൺ ലഹരിമരുന്ന് നിശാപാ‍ർട്ടി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക്. ലഹരിമരുന്നിന്‍റെ ഉറവിടം ബെംഗളൂരുവാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച മുട്ടം കോടതിയിൽ അപേക്ഷ നൽകും.

വാഗമണിലെ നിശാപാർട്ടിയിലേക്ക് എവിടെ നിന്ന് ലഹരിമരുന്ന് എത്തി എന്നതായിരുന്നു പൊലീസിന്‍റെ ആദ്യം മുതലുള്ള അന്വേഷണം. തൊടുപുഴ സ്വദേശിയായ കേസിലെ ഒന്നാംപ്രതി അജ്മലിന്‍റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. അന്വേഷണത്തിൽ സിനിമഃസീരിയൽ രംഗത്തെ പ്രമുഖരാരും വാഗമണിൽ പിടിയിലായ സംഘവുമായി ബന്ധം പുലർത്തിയിരുന്നില്ലെന്നും കണ്ടെത്തി.

ഇതടക്കം 10 ദിവസത്തെ അന്വേഷണ വിവരങ്ങളടങ്ങുന്ന കേസ് ഡയറി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിന്‍റെ നേതൃത്വത്തിലാണ് കേസിന്‍റെ തുടരന്വേഷണം. ബെംഗളൂരുവിൽ നിന്ന് കൊച്ചി വഴി സംസ്ഥാനത്തെ നിശാപാർട്ടികളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിൽ കൂടുതൽ കണ്ണികളുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും. 

ബെംഗളൂരുവിൽ ലഹരിമരുന്ന് ആരാണ് വിതരണം നടത്തുന്നതെന്നും വിതരണ സംഘത്തിന് കേരള ബന്ധമുണ്ടോ എന്നും കണ്ടെത്തണം. വാഗമണിൽ പിടിയിലായവർക്ക് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.ഇതടക്കമുള്ള വിവരങ്ങൾ ആരായാൻ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ഇതിനായി തിങ്കാളാഴ്ച കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
 

click me!